KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജെസ്ന തിരോധാനം : അഞ്ചുവർഷത്തെ കാത്തിരിപ്പ് വിഫലമായി ; കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ

എരുമേലി : കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന, മുക്കൂട്ടുതറ ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് അഞ്ച് വർഷത്തോളമായി. ഊഹാപോഹങ്ങളും അന്വേഷണങ്ങളും വിവാദങ്ങളും നിറഞ്ഞ അഞ്ച് വർഷങ്ങൾ. എന്നെങ്കിലും ജെസ്‌നയെ കണ്ടെത്തും എന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയം ജയിംസി(20)നെ കാണാനില്ലെന്ന് മാർച്ച് 22-നാണ് വെച്ചൂച്ചിറ, എരുമേലി പോലീസ് സ്‌റ്റേഷനുകളിൽ ആദ്യം പരാതി ലഭിച്ചത്.

ഏറെ വിവാദം ഉണ്ടാക്കിയ ജെസ്ന തിരോധാന കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. ജെസ്നയെ കണ്ടെത്താനായില്ലെന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചെന്നതിന് തെളിവില്ലെന്നും കോടതിയിൽ സിബിഐ അറിയിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജെസ്നയെ 2018 മാർച്ച് 22 മുതലാണു കാണാതായത്. മാർച്ച് 23നു പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്‌ന കേസ് റജിസ്റ്റർ ചെയ്‍തു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിയപ്പോഴും തിരോധാനത്തിനു പിന്നിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉൾപ്പടെയുള്ളവർ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ജെസ്നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി. നിരവധിപ്പേർ ജെസ്നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്നയല്ല എന്ന് വ്യക്തമായിരുന്നു. തുടർന്നു ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണു കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.

വളരെ ബൃഹുത്തായ അന്വേഷണമാണ് പോലീസ് നടത്തിയത് . മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും നിരീക്ഷണ ക്യാമറകളും പോലീസ് പരിശോധിച്ചു. പരുന്തുംപാറയിലും മറ്റും കൊക്കയിൽ ഇറങ്ങിനോക്കി. പിതാവ് ജെയിംസ് പണിത കെട്ടിടങ്ങളിൽ ‘ദൃശ്യം’ മാതൃകയിൽ പരിശോധിച്ചു. ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചു. ബന്ധുക്കൾ അടക്കമുള്ളവരുടെ മൊഴി പലവട്ടം എടുത്തു. ‘താൻ മരിക്കാൻ പോകുന്നു’ എന്ന് ജെസ്ന സുഹൃത്തിനയച്ച സന്ദേശവും മറ്റും ഫോണിൽനിന്ന് കണ്ടെടുത്തു. എന്നാൽ സൗഹൃദം മാത്രമാണ് ജെസ്നയുമായി ഉണ്ടായിരുന്നതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു .

error: Content is protected !!