വിവരംലഭിച്ചെന്ന് തച്ചങ്കരി പറഞ്ഞു, എന്നിട്ടും കണ്ടെത്തിയില്ല; പോലീസിനെതിരെ ജെസ്‌നയുടെ പിതാവ്
ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളതെന്ന് ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. കേസ് സി.ബി.ഐ. അവസാനിപ്പിക്കുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സി.ബി.ഐ. ഇപ്പോഴും കേസ് നിരീക്ഷിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. നല്ല രീതിയിലുള്ള അന്വേഷണമാണ് സി.ബി.ഐ. കാഴ്ചവെച്ചത്. സി.ബി.ഐ.യുടെ ഇപ്പോഴത്തെ എസ്പി തങ്ങളെ വിളിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയുമൊക്കെ ചെയ്യാറുണ്ട്’, ജെയിംസ് പറഞ്ഞു.
‘ആദ്യകാലങ്ങളില്‍ ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ട്. ജസ്‌നയെ കാണാനില്ലെന്ന് പരാതി കൊടുത്ത് ഏഴുദിവസം കഴിഞ്ഞാണ് അവര്‍ അന്വേഷിക്കാന്‍ വന്നത്. ഇതിനിടെ വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ പറയുന്ന വഴിക്ക് അന്വേഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഓരോ ഊഹാപോഹങ്ങളുടെ വഴിയെ അവര്‍ പോയപ്പോള്‍ സമയം പോയി. ആദ്യ രണ്ടാഴ്ച വിലപ്പെട്ട സമയം നഷ്ടമായി. അതുകൊണ്ടാണ് ജസ്‌നയെ കിട്ടാതെപ്പോയത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോള്‍ ജസ്‌നയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചെന്നും കോവിഡായതുകൊണ്ടാണ് അവിടേക്ക് എത്താന്‍ കഴിയാത്തതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞെങ്കിലും പിന്നീടൊന്നും ഉണ്ടായില്ലെന്നും ജസ്‌നയുടെ പിതാവ് പറഞ്ഞു.
‘ജസ്‌നയെ കുറിച്ച് വിവരം കിട്ടിയെന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും പറഞ്ഞില്ല. കോവിഡായിരുന്നെങ്കിലും ഒരാളെ കണ്ടുവെന്ന സൂചന കിട്ടിക്കഴിഞ്ഞാല്‍ തുടരന്വേഷണം നടത്താമല്ലോ. അതിനുള്ള സൗകര്യങ്ങളൊക്കെ ഇപ്പോള്‍ കേരള പോലീസിനുണ്ടല്ലോ. പെന്‍ഷന്‍ ആകുന്നതിന് തലേദിവസം ഇങ്ങനെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. നമുക്ക് കിട്ടേണ്ടത് ജസ്‌നയെയാണ്’, അദ്ദേഹം വ്യക്തമാക്കി.