കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കാന്റീൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യം

കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞിട്ടും കാന്റീൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല. കാന്റീനായി പുതിയ കെട്ടിടം നിർമിച്ചിട്ടും പ്രവർത്തനം പഴയസ്ഥലത്ത് തന്നെയാണ്. ആശുപത്രിയിലെ പല വിഭാഗങ്ങളും പുതിയ അഞ്ചുനില കെട്ടിടത്തിലേക്കു മാറ്റിയതോടെ ഇവിടെനിന്നു പഴയ കാന്റീനിലേക്കു 150 മീറ്ററോളം നടക്കണം. പതിറ്റാണ്ടുകൾ പഴക്കമുള്ള കാന്റീൻ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ചോർച്ച തടയാൻ ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്.

എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്നു 2016-17-ൽ 60 ലക്ഷം രൂപ അനുവദിച്ച് നിർമിച്ചതാണ് കെട്ടിടം. അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാതെ നിർമിച്ചതാണ് പ്രശ്നം. കുടിവെള്ളവും എത്തിച്ചില്ല. മാലിന്യ നിർമാർജനത്തിനുള്ള സൗകര്യവുമില്ല. പിന്നീട് ഇവയെല്ലാം ഒരുക്കി നിർമാണം പൂർത്തീകരിച്ചു.

നാളുകൾ കഴിഞ്ഞിട്ടും ഇതുവരെ ഇവിടേക്കു കാന്റീൻ മാറ്റിയിട്ടില്ല. പുതിയ കെട്ടിടത്തിന്റെ സമീപത്തായി നിർമിച്ച കെട്ടിടം പ്രവർത്തനക്ഷമമായാൽ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ജീവനക്കാർക്കും ഏറെ പ്രയോജനകരമാകും.

പുതിയ കെട്ടിടത്തിലേക്ക് കാന്റീൻ മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായതായും പുതിയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ആശുപത്രി പരിപാലനസമിതി ചെയർമാൻ മുകേഷ് കെ.മണി അറിയിച്ചു.

error: Content is protected !!