കണമല റോഡിൽ ബസുകൾ ഇടിച്ച് 15 പേർക്ക് പരിക്ക് : രക്ഷകരായി മെഡിക്കൽ സംഘം.
കണമല : അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസും മിനി ബസും ഇടിച്ച് 15 പേർക്ക് പരിക്ക്. മിനി ബസിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തി ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. അപകട സമയത്ത് അതുവഴി എത്തിയ ശബരിമല നോഡൽ ഓഫീസർ ഡോ. സിതാരയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിക്ക് ഏറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസുകൾ വരുത്തി ആശുപത്രിയിൽ എത്തിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മുക്കൂട്ടുതറ – കണമല ശബരിമല പാതയിൽ കുട്ടപ്പായി പടി ഭാഗത്തെ വളവിലായിരുന്നു അപകടം. എരുമേലിയിൽ നിന്നും ശബരിമലക്ക് തിരുപ്പൂർ സ്വദേശികളായ ഭക്തരുമായി പോയ മിനി ബസും എതിരെ പമ്പയിൽ നിന്നും എറണാകുളംത്തിന് ഭക്തരുമായി വരികയായിരുന്ന കെഎസ്ആർടിസി ബസും തമ്മിൽ ഇടിയ്ക്കുകയായിരുന്നു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു.
കെഎസ്ആർടിസി ബസിലെ യാത്രക്കാരായ ആറ് പേർക്കും മിനി ബസിലെ എട്ട് പേർക്കും പരിക്കേറ്റു. ഡ്രൈവർമാർ ഉൾപ്പടെ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാനനപാത പ്രദേശങ്ങൾ പരിശോധന നടത്തുന്നതിന്റെ യാത്രക്കിടെ ശബരിമല നോഡൽ ഓഫീസർ ഡോ. സിതാരയും സംഘവും എത്തുമ്പോഴാണ് അപകടം കണ്ട് രക്ഷാ പ്രവർത്തനം നടത്തിയത്. ആരോഗ്യ വകുപ്പിന്റെ എരുമേലി, കണ്ണിമല, കണമല എന്നിവടിങ്ങളിലെ ആംബുലൻസ് വാഹനങ്ങൾ ഇവർ വിളിച്ചു വരുത്തി. എരുമേലി മെഡിക്കൽ ഓഫിസർ ഡോ റെക്സ്ൺ പോൾ, ടെക്നിക്കൽ അസിസ്റ്റന്റ് ഗോപാലൻ, ജില്ലാ നഴ്സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി കറുകത്തറ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.