ഭക്തിയുടെ പുണ്യം പകർന്ന് പേട്ടതുള്ളൽ : ജനസാഗരമായി എരുമേലി.

എരുമേലി : പ്രളയവും കോവിഡും യുവതി പ്രവേശന വിവാദവും മൂലം കഴിഞ്ഞ വർഷങ്ങളിൽ തിരക്ക് ഒഴിഞ്ഞ പേട്ടതുള്ളൽ ഇത്തവണ നിയന്ത്രണങ്ങളും പ്രശ്നങ്ങളും വഴിമാറിയപ്പോൾ എരുമേലിയെ ജനസാഗരമാക്കി. പേട്ടതുള്ളൽ കാണാൻ ടൗണിൽ ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞതിനൊപ്പം നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാനം പിടിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ വൻ തോതിൽ അയ്യപ്പ ഭക്തരുടെ പ്രവാഹമായിരുന്നു. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പ്രശസ്തമായ പേട്ടതുള്ളൽ നടക്കുമ്പോഴും നൂറുകണക്കിന് മറ്റ് അയ്യപ്പഭക്തരുടെ പേട്ടതുള്ളലുമുണ്ടായിരുന്നു. ടൗൺ റോഡ് പൂർണമായും ഗതാഗത മുക്തമാക്കിയാണ് പേട്ടതുള്ളലിന് പോലിസ് സൗകര്യങ്ങൾ ക്രമീകരിച്ചത്. ജില്ലയിലെ സ്റ്റേഷനുകളിൽ നിന്നുൾപ്പടെ 1200 ഓളം പോലിസ് ഡ്യൂട്ടിയിലുണ്ടായിരുന്നു.

വലിയ ജനത്തിരക്ക് അനുഭവപ്പെട്ടിട്ടും കാര്യമായ ഗതാഗത കുരുക്ക് ഉണ്ടായില്ല. നാട്ടുകാരുടെ ഉൾപ്പടെ വാഹനങ്ങൾ റോഡുകളിൽ വശങ്ങൾ ചേർത്ത് ഒതുക്കി പാർക്ക് ചെയ്യിപ്പിച്ചാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ക്രമീകരണം നടത്തിയത്. ടൗൺ റോഡിന്റെ പ്രവേശന ഭാഗങ്ങളിൽ ബാരിക്കേഡ് വെച്ച് ഗതാഗതം തടഞ്ഞിരുന്നു. സമാന്തര പാതകൾ വഴി ആണ് ഗതാഗതം അനുവദിച്ചത്. ഈ പാതകളിൽ ഗതാഗത തടസമായ നിലയിൽ പാർക്കിംഗ് അനുവദിച്ചിരുന്നില്ല. ഇതിനായി പട്രോളിംഗ് സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്നു. പേട്ടതുള്ളൽ സമയത്തിന് മുമ്പും ശേഷവും ആണ് ടൗൺ റോഡിൽ ഗതാഗതം അനുവദിച്ചത്. അത്യാഹിത സേവനങ്ങൾക്ക് ആംബുലൻസുകളും ഫയർ ഫോഴ്സ് യൂണിറ്റ് വാഹനങ്ങളും മെഡിക്കൽ സംഘങ്ങളെയും വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയിരുന്നു. വൈകുന്നേരം ശബരിമല പാതയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ എത്തിച്ച് ടൗൺ റോഡിൽ കടത്തിവിടാൻ തടസങ്ങളുണ്ടായില്ല.

അമ്പലപ്പുഴയുടെ ചടുല നൃത്തവും ആലങ്ങാടിന്റെ ദൃശ്യമനോഹാരിതയും ഒരേ പോലെ നാടിനെ ആകർഷിച്ചു. ദേഹമാസകലം വർണങ്ങൾ പൂശിയാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളിയത്. കൈകളിൽ പച്ചിലകൾ കുലുക്കി സംഘം ഉറഞ്ഞുതുള്ളി. ചെണ്ടനാദങ്ങളും ശരണസ്‌തുതികളും നിറഞ്ഞുനിന്നു. എരുമേലിയിൽ മഹിഷിയെ വധിച്ച ശേഷം പുലിപ്പാൽ തേടി ശബരിമല വനത്തിലേക്ക് അയ്യപ്പൻ പോയ വഴി തിരയുന്ന പ്രതീതിയിലാണ് അമ്പലപ്പുഴ സംഘം തുള്ളിയത്.

വർണങ്ങളില്ലാതെ മൊത്തം ശുഭ്ര വേഷമായി ഒരേ താളത്തിൽ ചുവടുകൾ വെച്ചായിരുന്നു ആലങ്ങാട് സംഘം തുള്ളൽ നിർവഹിച്ചത്. കൊട്ടക്കാവടികൾ, മയൂരനൃത്തം എന്നിവ ആലങ്ങാടിനെ ദൃശ്യമനോഹരമാക്കി

പേട്ടതുള്ളൽ പാതയിൽ വൻ സ്വീകരണമാണ് ഇരു സംഘങ്ങൾക്കും ലഭിച്ചത്. ഗ്രാമപഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ്, എൻഎസ്എസ്, എസ്എൻഡിപി, കെവിഎംഎസ്, ഹിന്ദുസംഘടനകൾ, സ്വീകരണം നൽകി. എൻഎസ്എസ് ഭാരവാഹികൾ മോരും വെള്ളം വിതരണം ചെയ്തു. അയ്യപ്പന്റെ ഉടവാൾ സൂക്ഷിക്കുന്ന പുത്തൻവീട് കുടുംബത്തിന്റെ നേതൃത്വത്തിലും സ്വീകരണമൊരുക്കിയിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത്‌ ഓഫീസ് പടിക്കൽ സ്വീകരണം നൽകിയിരുന്നു.

അമ്പലപ്പുഴ സംഘം പേട്ടതുള്ളി മുസ്ലിം പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ പൂക്കൾ ഉതിർത്ത് സ്നേഹം പ്രകടിപ്പിക്കുന്ന പതിവിന് ഇത്തവണ മുസ്ലിം ജമാഅത്തിനൊപ്പം നാട്ടുകാരുമേറെ തിങ്ങിക്കൂടി. മുല്ലപ്പൂക്കളും വിവിധതരം പുഷ്പങ്ങളും കുട്ടകളിൽ നിറച്ച് കാത്തിരിക്കുകയായിരുന്നു ജമാഅത്ത് ഭാരവാഹികൾ. സ്ത്രീകളും പുരുഷന്മാരുമുൾപ്പടെ നൂറുകണക്കിന് ആളുകളാണ് പൂക്കൾ വർഷിച്ച് അമ്പലപ്പുഴ സംഘത്തെ എതിരേറ്റത്. പള്ളിയിൽ വൻ സ്വീകരണമാണ് അമ്പലപ്പുഴ സമൂഹ പെരിയോനും സംഘത്തിനും ലഭിച്ചത്. ജമാഅത്ത് അംഗങ്ങളും നാട്ടുകാരും ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചന്ദനവും ഭസ്മവും കളഭങ്ങളും പൂശി സംഘത്തിന് സ്വീകരണം നൽകി. ഡെപ്യൂട്ടി കളക്ടർ അമൽ മഹേശ്വർ, തഹസീൽദാർ ബെന്നി മാത്യു, പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി, ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, സെക്രട്ടറി സിഎഎം കരീം,തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

error: Content is protected !!