വേദന മറക്കുവാൻ ഇവിടെ സംഗീതവും ചികിത്സ.. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നൊരു വേറിട്ട കാഴ്ച ..

പാട്ട് കേട്ട് രോഗം മാറ്റുവാൻ സാധിച്ചില്ലെങ്കിലും, വേദനകളും വിഷമങ്ങളും മറക്കുവാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സർജറി വാർഡിലെ ഡോക്ടറും രോഗികളും . കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജറി വിഭാഗത്തിലെ, രോഗികൾക്ക് ഏറെ പ്രിയപ്പെട്ട ഡോക്ടർ ബിനു കെ ജോൺ ആണ് വേദന മറക്കുവാൻ സംഗീതത്തിന് സാധിക്കുമെന്ന് രോഗികൾക്ക് കാണിച്ചുകൊടുത്തിരിക്കുന്നത് . സംഗീത പ്രിയനായ ഡോകട്ർ, ചികിത്സയ്‌ക്കിടയിലും രോഗികൾ ഉന്മേഷവും ആശ്വാസവും പകരുവാൻ മൂളിപ്പാട്ട് പാടികൊടുക്കാറുണ്ട് .

ഏതാനും ദിവസങ്ങൾക്ക് മുൻപ് സർജറി വാർഡിൽ ഒരു രോഗി ഏറെ വേദനയോടെ വിഷമിച്ചപ്പോൾ, വാർഡിൽ, രോഗിക്ക് കൂട്ടിരിക്കുവാൻ എത്തിയ ബിജോ, ഡോ. ബിനു കെ ജോണിന്റെ മ്യൂസിക് തെറാപ്പി പരീക്ഷിക്കുവാൻ തീരുമാനിച്ചു. മൊബൈലിൽ ഒരു ഗാനം ഇടുകയും, അതിന്റെ കൂടെ വാർഡിൽ ഉണ്ടായിരുന്ന എല്ലാവരും ചേർന്ന് സന്തോഷത്തോടെ വേദനയും ദുഖങ്ങളും മറന്ന് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. സർജറി കഴിഞ്ഞ വേദനയിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്ക് അത് ഏറെ ആശ്വാസമാവുകയും ചെയ്തു. അതോടെ ആർക്കെങ്കിലും വിഷമം അധികമായാൽ, വാർഡിലെ എല്ലാവരും ചേർന്ന് പാട്ടുപാടുന്നത് പതിവാക്കുകയും ചെയ്തു . ഡയബറ്റിക് രോഗം മൂലം കാലിന്റെ വിരലുകൾ മുറിച്ചു മാറ്റേണ്ടിവന്നത്തോടെ കഠിനമായ വേദന അനുഭവിക്കുന്ന , നെടുംകുന്നത്‌ പൂജാരിയായ ഹരികുമാർ ആചാരിയാണ് സ്വന്തം വേദനയും വിഷമങ്ങളും മറന്ന് വാർഡിലെ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഒപ്പം പാടുവാൻ ബിജോ, രാഘുനാഥൻ , തുടങ്ങി നിരവധി പേരുമുണ്ട് .

ഡോ. ബിനു കെ ജോൺ പൂർണ സപ്പോർട്ടുമായി രോഗികൾക്ക് ഒപ്പമുണ്ട് . ജോലി സമയം കഴിയുമ്പോൾ, ചില ദിവസങ്ങളിൽ രോഗികൾക്കൊപ്പം ഡോക്ടറും പാടുവാൻ ഒത്തുചേരുന്നതോടെ രോഗികൾക്ക് ഏറെ ആശ്വാസവും സന്തോഷവുമാണ് പ്രദാനം ചെയ്യുന്നത് . വാർഡ് മെമ്പറും, ചിറക്കടവ് പഞ്ചയത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ആന്റണി മാർട്ടിനും രോഗികൾക്ക് സ്വാന്തനമായി ഒപ്പമുണ്ട് .

മനസ്സിന്റെ ആരോഗ്യം, ചില ശരീരഭാഗങ്ങളുടെ ഉത്തേജനം , ഇവയെല്ലാമാണ് സംഗീത ചികിത്സ അഥവാ മ്യൂസിക് തെറാപ്പിയിലൂടെ സംഭവിക്കുന്നത് . നല്ല സംഗീതം ശ്രവിക്കുന്നത് പേശികളിലെ പിരിമുറുക്കം കുറയ്ക്കുന്നു. വലിഞ്ഞു മുറുകിയ പേശികൾ അയഞ്ഞു വരുന്നതോടെ പല ശാരീരിക പ്രശ്നങ്ങളും ഇല്ലാതാകും . രക്തചംക്രമണത്തിൽ വ്യത്യസം വരുത്താൻ ഇതിനു കഴിയും. ശരീരത്തിലെ ഓക്സിജന്റെ ലഭ്യത കൂട്ടാൻ അത് സഹായിക്കുന്നു . അതോടെ പല രോഗങ്ങൾക്കും ശമനം ഉണ്ടാവുകയും ചെയ്യുന്നു.

മനോ വികാരങ്ങള്‍ ശരീരത്തെ ബാധിക്കും എന്നാണ് പറയപ്പെടുന്നത്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. സംഗീതത്തിന് ഒരു വ്യക്തിയില്‍ വൈകാരികതകളെ ഉദ്ദീപിപ്പിക്കാന്‍ സാധിക്കും എന്ന സവിശേഷതയുണ്ട്. വൈദ്യശാത്ര രംഗത്ത് മരുന്നുകൾ പരാജയപ്പെടുന്നിടത്ത്, മറ്റ് പല ചികിത്സാ രീതികളും പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ രോഗ ചികിത്സയില്‍ വൈദ്യ ശാസ്ത്രത്തിന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് സംഗീതം. ആഗോളതലത്തില്‍ പല രോഗങ്ങള്‍ക്കും സംഗീത ചികിത്സ പ്രയോജനപ്പെടുത്തി വരുന്നു. യുദ്ധത്തില്‍ മുറിവേറ്റ യോദ്ധാക്കള്‍ക്ക് വേദന മറക്കുന്നതിന് സംഗീതം ഉപയോഗിച്ചിരുന്നു. അതിനാൽ തന്നെ, സർജറി വാർഡിലെ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്.

വേദനകളും വിഷമങ്ങളും മറക്കുവാൻ സംഗീതം ഏറെ സഹായകരമാകുമെന്ന് തെളിയിച്ച, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഈ മനോഹര സംഗീത കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മറ്റ് ചികിത്സാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ് . അതിന് മുൻകൈ എടുക്കുന്ന സർജൻ ഡോ. ബിനു കെ ജോണിന് ഏറെ നന്ദി ..

error: Content is protected !!