കൂട്ടത്തോടെ കാട്ടുപോത്തുകൾ : ഭീതിയിൽ പമ്പാവാലി മേഖല.

എരുമേലി :  ഏതാനും മാസങ്ങൾക്കു മുൻപ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടുമുറ്റത്തും റബർ തോട്ടത്തിലുമായി രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ട പമ്പാവാലി മേഖലയിൽ  വീണ്ടും കാട്ടുപോത്തുകൾ ഭീതി സൃഷ്ടിക്കുന്നു . വിവരം അറിയിച്ചിട്ടും വനപാലകർ സ്ഥലത്ത് എത്തി ഇവയെ തുരത്താൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു .

പകലും രാത്രിയിലും വീടുകളുടെ മുറ്റത്തും പറമ്പുകളിലും ഇവ കൂട്ടത്തോടെ എത്തുകയാണ്. മൂക്കൻപെട്ടി, പത്ത് ഏക്കർ ഭാഗം, ഗവ ട്രൈബൽ എൽ പി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ആറും ഏഴും കാട്ടുപോത്തുകൾ ഒന്നിച്ചാണ് നാട്ടിൽ ചുറ്റുന്നത്. കഴിഞ്ഞ ദിവസം ഒറ്റയാന്റെ വരവുമുണ്ടായി.

കണമല ഇടകടത്തി പാറക്കടവ് ഭാഗത്ത്‌ റബർ തോട്ടത്തിൽ ടാപ്പ് ചെയ്തു കൊണ്ടിരുന്ന തൊഴിലാളി ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. രക്ഷപെടാൻ ശ്രമിച്ചതിനിടെ വീണ് തൊഴിലാളിക്ക്‌ പരുക്കേറ്റിരുന്നു.

വെള്ളവും ഭക്ഷണവും തേടിയാണ് കാട്ടുപോത്തുകളും ആനയും കുരങ്ങും ഉൾപ്പടെ മൃഗങ്ങൾ എത്തുന്നത്. വനത്തിൽ തീറ്റയും വെള്ളവും ഇല്ലെന്നായതോടെയാണ്  കൂട്ടത്തോടെ ഇപ്പോൾ കാട്ടുപോത്തുകളും നാട്ടിൽ ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു .  വർഷങ്ങൾക്ക്‌ മുമ്പ് മേഖലയിലെ വനത്തിൽ തേക്ക് ഉൾപ്പടെ വെട്ടി മാറ്റിയതോടെ  വിറ്റാൽ വരുമാനം കിട്ടുന്നവ മാത്രം പ്രതീക്ഷിച്ച്  വൻ മരങ്ങൾ ആണ് തുടർന്ന് വനം വകുപ്പ് നട്ടുപിടിപ്പിച്ചത്. ഫല വൃക്ഷങ്ങൾ ഒന്നുമില്ല. ഇതോടെയാണ് മൃഗങ്ങൾക്ക്‌ ഭക്ഷണം നിലച്ചത്. കാട്ടുചോലകളും പുഴയും അരുവിയും നീർച്ചാലുകളുമെല്ലാം  വറ്റിവരണ്ട നിലയിലാണ്.മൃഗങ്ങൾക്ക്‌ വെള്ളം കിട്ടാൻ വേണ്ടി തടയണകളും കുളങ്ങളും നിർമിക്കുന്ന പദ്ധതികൾ വനം വകുപ്പ് ചെയ്യുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

ആയിരം കിലോക്കുമേൽ ഭാരമുള്ള വലിയ കാട്ടുപോത്തുകൾ ആണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇവയുടെ മുന്നിൽ പെട്ടാൽ ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പാണെന്ന് ഭീതിയോടെ നാട്ടുകാർ പറയുന്നു.
        സ്ത്രീകൾ ഉൾപ്പടെ നാട്ടുകാർ വീടിന് പുറത്തിറങ്ങുന്നത് ഭീതിയോടെയാണ്. എപ്പോൾ ആണ് കാട്ടുപോത്തുകൾ  ആക്രമണകാരികളാകുന്നതെന്ന് അറിയില്ല.  കുട്ടികളെ സ്കൂളിൽ വിടാൻ മാതാപിതാക്കൾ ഭയപ്പെടുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ ഭയമാണ്.

           കണമല സ്വദേശികളായ പ്ലാവനാക്കുഴി തോമസും അയൽവാസി പുറത്തേൽ ചാക്കോയും കഴിഞ്ഞ വർഷം മെയ് 19 നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവം ഇന്നും നാട്ടുകാരിൽ മായാത്ത ഭീതി പടർത്തി നിൽക്കുന്നു. വനത്തിൽ നിന്നും പുലർച്ചെ പാഞ്ഞുവന്ന കാട്ടുപോത്ത് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഈ സംഭവം സംസ്ഥാന തലത്തിൽ തന്നെ വലിയ പ്രതിഷേധം സൃഷ്ടിച്ചതാണ്. ഇനി ആക്രമണ സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്ന് അന്ന് സർക്കാരും വനം വകുപ്പും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു നടപടികളുമുണ്ടായില്ലന്ന് മാത്രമല്ല ഇപ്പോൾ ദിവസങ്ങളായി കാട്ടുപോത്തുകൾ നാട്ടിൽ വിഹരിക്കുന്ന വിവരം അറിയിച്ചിട്ടും വനപാലകർ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
വന്യ മൃഗങ്ങൾ ആക്രമിക്കാൻ തൊട്ടടുത്ത് എത്തുമെന്ന ആശങ്ക ഇല്ലാതെ ജീവിക്കാൻ സുരക്ഷാ നടപടികൾ അടിയന്തിരമായി വനം വകുപ്പ് സ്വീകരിക്കണമെന്ന് പഞ്ചായത്ത്‌ അംഗങ്ങൾ ഉൾപ്പടെ നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!