കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണോദ്ഘാടനം നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗവൺമെൻറ് ചീഫ് ഡോക്ടർ എൻ ജയരാജ് എം.എൽ,എ നിർവഹിച്ചു. ഭാവിയിൽ നഗരസഭയായി മാറുകയാണെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പഴയ പഞ്ചായത്ത് ഓഫീസിരുന്ന സ്ഥലത്തു നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കക്കുഴി,ഡാനി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു
16000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.പുതിയ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ്, എം.എൽ.എ ഓഫീസ്, അസിസ്റ്റൻറ് എൻജിനീയറുടെ കാര്യാലയം, കുടുംബശ്രീ ഓഫീസ്, എൻ.ആർ.ഇ.ജി. ഓഫീസ്, വി.ഇ.ഒ.ഓഫീസ്, വിവിധ സേവന കേന്ദ്രങ്ങൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, ഹെൽപ്പ് ഡെസ്‌ക്, കഫേ ഷോപ്പ്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, വിശ്രമകേന്ദ്രം എന്നിവ ഒരുക്കും.