ഭിന്നശേഷിക്കാരനായ കുട്ടിയുടെ സങ്കടം ഫലം കണ്ടു : വെള്ളം നൽകുന്നു എം.എൽ.എ.

എരുമേലി :  അഞ്ച് വർഷമായി വെള്ളം തരാൻ പറ്റില്ലെന്ന് ജല അതോറിറ്റി അറിയിച്ച സ്ഥലത്ത് ഭിന്നശേഷിക്കാരനായ കുട്ടിയുടെ സങ്കടം എം.എൽ.എ അറിഞ്ഞതോടെ വെള്ളം നൽകാൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഈ ലൈനിലൂടെ 30 കുടുംബങ്ങൾക്കും കൂടിയാണ് വെള്ളം എത്തിക്കുക. അഞ്ച് വർഷങ്ങൾക്ക്‌ മുമ്പ്  ജല അതോറിറ്റിയുടെ പൈപ്പുകളിലൂടെ നാട്ടിലാകെ വെള്ളം എത്തിതുടങ്ങിയപ്പോൾ എരുമേലി  പൊരിയന്മല കണ്ണംന്താനം പടി ഭാഗത്തെ 30 കുടുംബങ്ങൾക്ക് മാത്രം പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. കരിങ്കല്ലുമുഴിയിൽ  ദേശീയ പാതയുടെ വശം കുഴിക്കാൻ അനുമതി ലഭിക്കാതിരുന്നതാണ് തടസമായിരുന്നത്. കഴിഞ്ഞയിടെയും അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. വെള്ളത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിലെ അംഗമായ ഭിന്നശേഷിക്കാരനായ ബാലൻ ഇക്കാര്യം പൊതുപ്രവർത്തകൻ അജു മലയിൽ മുഖേനെ  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ യെ അറിയിക്കുകയായിരുന്നു. ദേശീയ പാത ഒഴിവാക്കി മറ്റ് മാർഗം സ്വീകരിച്ച് എത്രയും വേഗം പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന് ജല അതോറിറ്റി ജില്ലാ എക്‌സി. എഞ്ചിനീയർക്ക്‌ എം.എൽ.എ കത്ത് നൽകി. ഇതോടെ എക്‌സി എഞ്ചിനീയർ നേരിട്ടത്തി സ്ഥലം സന്ദർശിക്കുകയും ദേശീയ പാത ഒഴിവാക്കി പൊരിയന്മല വഴി ലൈൻ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമാണം നടത്താൻ കരാറുകാരനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇന്നലെ പണികൾ ആരംഭിച്ചെന്നും  ഭിന്നശേഷിക്കാരനായ കുട്ടിയുടെ വീട് ഉൾപ്പടെ 30 വീടുകളിലും ഏതാനും ദിവസങ്ങൾക്കകം കണക്ഷൻ നൽകുമെന്നും എക്‌സി. എഞ്ചിനീയർ അറിയിച്ചു. വെള്ളം എത്തുമ്പോൾ എം.എൽ.എ യെ കണ്ട് നന്ദി അറിയിക്കാൻ കാത്തിരിക്കുകയാണ് ബാലൻ.

error: Content is protected !!