കണ്ണീർ പുഴയും കടന്ന് – 92 ലും കർമ്മനിരതയായി ത്രേസ്യാമ്മ ടീച്ചർ
പള്ളിക്കത്തോട് : കഷ്ടപ്പാടുകളിലൂടെയും, വേദനകളിലൂടെയും കടന്നുപോയ തന്റെ ജീവിത വഴിത്താരകളെ ധന്യമാക്കി -കണ്ണീർ പുഴയും കടന്ന് – എന്ന പുസ്തകം രചിച്ച് 92-ാം വയസ്സിലും അറിയപ്പെടുന്ന ഒരു താരമായി ത്രേസ്യാമ്മ ടീച്ചർ. കൈതയ്യലിലൂടെ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം, തിരുകുടുംബം,കന്യകാമറിയം,വിശുദ്ധ അന്തോണീസ്, വിശുദ്ധ അൽഫോൻസാ , മഹാത്മാ ഗാന്ധി , നെഹ്റു, ഉമ്മൻ ചാണ്ടി ഉൾപ്പെടെ അനേകം വിശുദ്ധരുടെയും, മഹത് വ്യക്തികളുടെയും കരുത്തുള്ള സൃഷ്ടികൾ അതിൽ പിറവി കൊണ്ടു. 92ന്റെ പ്രായാധിക്യവും, വീഴ്ചകളുടെ വേദനകളും വിസ്മരിച്ച് സന്തോഷത്തോടെ നൂൽകോർക്കുന്നു.
ചേർത്തല സെന്റ് മേരീസ് സ്‌കൂളിൽ 32 വർഷം തയ്യൽ ടീച്ചറായിരുന്നു ത്രേസ്യാമ്മ ജോസഫ്. സ്കൂളിൽ നിന്നും വിരമിച്ചതിനു ശേഷം ആദ്യകാലങ്ങളിൽ കരകൗശല വസ്തുക്കളും അലങ്കാരങ്ങളും ഉണ്ടാക്കലായിരുന്നു വായനയ്ക്കും എഴുത്തിനും പുറമെ
യുള്ള സന്തോഷം. ഒരു വർഷം മുൻപ് ക്രോസ് സ്റ്റിച്ചിങ് പഠിക്കാൻ തുടങ്ങി. കാഞ്ഞിരപ്പള്ളി സ്വദേശിനി ചിത്രകാരിയായ അഞ്ചനാട്ട് ഡാലി ജോസഫ് ആണ് തയ്ക്കുന്നതിനു വേണ്ട പടം വരച്ചു കൊടുക്കുന്നത്. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം ഉൾപ്പെടെ കരുത്തു
ള്ള സൃഷ്ടികൾക്ക് രൂപം നൽകി പ്രമുഖ വ്യക്തികൾക്ക് നൽകി കഴിഞ്ഞു , അന്ത്യഅത്താഴത്തിന്റെ രൂപം പൂർത്തീകരിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമർപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ടീച്ചർ. വിശുദ്ധ അൽഫോൻസാമ്മയുടെ ചിത്രം രൂപപ്പെടുത്തിയതു സിറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനു കഴിഞ്ഞയിടെ സമ്മാനിച്ചതോടെ ടീച്ചർ വീണ്ടും താരമായി.
ചേർത്തല ചെറുവള്ളിക്കാട്ടാണു വീടെങ്കിലും ചലച്ചിത്ര ഛായാഗ്രാഹകനായ മകൻ സണ്ണി ജോസഫിനൊപ്പം പള്ളിക്കത്തോട്ടിൽ കൈയ്യൂരിക്ക് സമീപം ഇപ്പോൾ താമസം. ഭർത്താവ്: പരേതനായ പി.വി.ജോസഫ്. 9 മക്കളും 28 പേരമക്കളുമടങ്ങുന്നതാണു കുടുംബം. ടീച്ചർ എഴുതിയ ‘കണ്ണീർപ്പുഴയും കടന്ന്’ എന്ന പുസ്‌തകം ഈയിടെ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
. ഇഷ്ടങ്ങളിൽ മുറുകെപ്പിടിക്കുമ്പോൾ പ്രായത്തിന്റെ ക്ഷീണം എല്ലാം വിസ്മരിച്ച് ഉർജ്ജസ്വലതയോടെ കർമ്മനിരതയാണ് ഇപ്പോഴും .