പൂഞ്ഞാർ പുലിക്ക് സീറ്റില്ല .. അപ്രതീക്ഷിത അടിയൊഴുക്കുകൾ മനസ്സിലാകാതെ അന്തംവിട്ട് അണികൾ ..

കാഞ്ഞിരപ്പള്ളി : പത്തനംതിട്ടയിൽ പൂഞ്ഞാർ പുലി പി. സി. ജോർജ് സ്ഥാനാർഥിയാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത് . എങ്കിൽ കേരളത്തിൽ ബി ജെ പിയ്ക്ക് ഏറ്റവും ജയസാധ്യത ഉള്ള സ്ഥാനാർഥി അദ്ദേഹം ആയിരിക്കുമെന്നും നിരവധിപേർ കണക്കുകൂട്ടി . എന്നാൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി, കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പേര് ബി ജെ പി പ്രഖ്യാപിച്ചതോടെ ഏവരും അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകൾ മനസ്സിലാകാതെ അന്തംവിട്ടു .

തനിക്ക് സീറ്റ് ഇല്ല എന്ന കാര്യം തലേദിവസം തന്നെ അറിഞ്ഞ പി സി, വളരെ സംയമനത്തോടെയാണ് മീഡിയയോട് പ്രതികരിച്ചത് .

‘‘എനിക്ക് കിട്ടാവുന്നതിന്റെ പരമാവധി അംഗീകാരവും ആദരവും ബിജെപി ഈ നിമിഷം വരെ തന്നിട്ടുണ്ട്. വരാൻ പോകുന്ന കാലഘട്ടത്തിലും ബിജെപി യാതൊരു കുഴപ്പവും കൂടാതെ വളരെ മാന്യമായി എന്നോടു പെരുമാറുമെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമുണ്ട്. എത്രയോ ആളുകൾ ബിജെപിയിൽ വന്നു. അവർക്കാർക്കും കിട്ടാത്ത അംഗീകാരവും ആദരവും എനിക്ക് ബിജെപി നേതൃത്വവും പ്രവർത്തകരും തരുന്നുണ്ട്. എനിക്ക് അവരോട് 100 ശതമാനം നന്ദിയുണ്ട്. പി സി ജോർജ് പറഞ്ഞു .

‘‘പത്തനംതിട്ടയിൽ ഞാൻ സ്ഥാനാർഥിയാകണമെന്ന് ഇവിടുത്തെ എൻഡിഎയുടെ, എസ്എൻഡിപിയുടെ ഉൾപ്പെടെ നേതാക്കൻമാർ ആഗ്രഹിച്ചിരുന്നു. ആഗ്രഹിക്കുക മാത്രമല്ല, അവർ ബിജെപി നേതൃത്വത്തെ അക്കാര്യം അറിയിക്കുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാർഥിയായി ആരു വേണമെന്ന് ചോദിച്ചപ്പോൾ ഒന്നാമത് പി.സി. ജോർജ്, രണ്ടാമത് പി.സി. ജോർജ്, മൂന്നാമതും പി.സി. ജോർജ് എന്ന് പ്രമുഖയായ ഒരു നേതാവ് പറഞ്ഞു. അവരെല്ലാം കൊടുത്ത പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പി.സി. ജോർജ് സ്ഥാനാർഥിയാകുമെന്ന് രാജ്യം മുഴുവൻ പ്രചരിച്ചത്. അവരെല്ലാം അങ്ങനെ പറഞ്ഞപ്പോൾ ‘ആയാൽ എന്താ’ എന്ന് എനിക്കും ഒരു തോന്നലുണ്ടായി. ഞാൻ അത് ഒളിച്ചുവയ്ക്കുന്നില്ല. അതിന്റേതായ ചില നീക്കങ്ങളും നടത്തി. അവിടുത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുമായും എൻഎസ്എസുമായും ഞാൻ ബന്ധപ്പെടാൻ ഇടയായി.’’ – പി.സി. ജോർജ് പറഞ്ഞു.

പി.സി. ജോർജ് മത്സരിക്കാത്തതുകൊണ്ട് പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘എനിക്ക് അറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് അനുകൂലമായ ഒരു തരംഗം ഉണ്ടെന്നു തോന്നുന്നില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

‘‘15 വർഷം എംപിയായിരുന്ന ആളാണ് ആന്റോ ആന്റണി. അദ്ദേഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല ഉള്ളത്. എന്തായാലും ഞാൻ ആരേയും വ്യക്തിപരമായി ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ അഭിപ്രായവും പറയുന്നില്ല. പത്തനംതിട്ടയിൽ എൻഡിഎ മുന്നണിക്കു മുന്നിലുള്ള ശ്രമകരമായ ജോലി മാത്രമല്ല, വലിയ ബുദ്ധിമുട്ടേറിയ കടമ്പ കൂടിയാണ്. ആദ്യം ജനങ്ങൾക്ക് ഈ സ്ഥാനാർഥിയെ പരിചയപ്പെടുത്തി കൊടുക്കണം. ആളെ അത്ര അറിയില്ലല്ലോ. പിന്നെ എ.കെ. ആന്റണിയുടെ മകൻ എന്നു പറയാം. പക്ഷേ, എ.കെ. ആന്റണി കോൺഗ്രസല്ലേ. മകന് അപ്പന്റെ പിന്തുണയില്ല എന്നതാണ് പ്രശ്നം. എ.കെ.ആന്റണി പരസ്യമായി ഇറങ്ങി പിന്തുണ കൊടുത്തിരുന്നെങ്കിൽ നമുക്ക് കുറച്ചുകൂടി എളുപ്പമുണ്ടായിരുന്നു.

‘‘ഞാൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിണറായി വിജയനാണ്. പിന്നെ വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ മകൻ തുഷാർ എന്നിവരൊക്കെ ഞാൻ അവിടെ സ്ഥാനാർഥിയാകരുതെന്ന് ആഗ്രഹിച്ചിരുന്നു. അത് എനിക്കറിയാം. അവർ പരസ്യമായി പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതു പറയുന്നത്. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെന്നേ. എനിക്കു വേണ്ടെന്ന് ഞാൻ നാലഞ്ചു ദിവസം മുൻപേ പറഞ്ഞിരുന്നു. ഇത്രേം പേരുടെ എതിർപ്പ് സമ്പാദിച്ചിട്ട് എനിക്ക് എന്തു കിട്ടാനാ? എനിക്ക് അതിന്റെ ആവശ്യമില്ല. വളരെ സ്നേഹത്തോടെയാണ് ഞാൻ എനിക്കു വേണ്ടെന്നു പറഞ്ഞത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഇന്നു വൈകിട്ടല്ലേ. ഞാൻ നാലഞ്ചു ദിവസം മുൻപേ വേണ്ടെന്നു പറഞ്ഞതാണ്. ഫോൺ വിളിച്ചു പോലും എന്നെ സ്ഥാനാർഥിയാക്കാമോയെന്ന് ആരോടും ചോദിച്ചിട്ടില്ല. പിസി പറഞ്ഞു .

error: Content is protected !!