ചക്ക വിപണി സജീവമായി ; വിളവ് കുറഞ്ഞു ..

എരുമേലി / കാഞ്ഞിരപ്പള്ളി ∙ കിഴക്കൻ മലയോര മേഖലയിൽ ചക്ക വിപണി സജീവമായി. ഉത്തർപ്രദേശ്, ന്യൂഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിപണികളിലേക്കാണ് ചക്കകൾ വ്യാപകമായി കൊണ്ടുപോകുന്നത്. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളാണ് ചക്കയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിപണികൾ. ഈ വർഷമുണ്ടായ കാലാവസ്ഥാമാറ്റം മൂലം ചക്കയുടെ ഉൽപാദനം കുറഞ്ഞത് കർഷകർക്കും കച്ചവടക്കാർക്കും തിരിച്ചടിയാണ്.

എരുമേലിയിൽ 3 സ്ഥലങ്ങളിലായാണ് ചക്ക വിപണി. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും ചക്ക വിപണി സജീവമാണ്.

മലയോര മേഖലയിൽ ഈ വർഷം ചക്ക ഉൽപാദനത്തിൽ വൻ കുറവ്. കാലാവസ്ഥ വ്യതിയാനമാണു പ്രധാന കാരണം. മുൻവർഷങ്ങളിൽ അന്യ സംസ്ഥാനങ്ങളിലേക്കു കയറ്റി അയച്ചിരുന്നതിലും മൂന്നിലൊന്നു മാത്രമാണ് ഇത്തവണ കയറ്റിയയയ്ക്കാൻ കഴിഞ്ഞതെന്നു ചക്ക വ്യാപാരികൾ പറയുന്നു.

മുൻപ് എരുമേലി, മുണ്ടക്കയം മേഖലകളിൽ നിന്ന് ദിവസവും 200 ടൺ ചക്ക അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 60 ടൺ ചക്ക മാത്രമാണ് അയയ്ക്കുന്നത്. മേഖലയിലെ പറമ്പുകളിൽ എത്തി പ്ലാവിൽ നിന്നും പാകമാകാത്ത ചക്ക പറിച്ചു പിക്കപ്പുമായി കൊണ്ടുപോകുന്ന ചെറുകിട കച്ചവടക്കാർ എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് എത്തിക്കുന്നത്.

ഇവിടെ നിന്നും ലോറികളിൽ പെരുമ്പാവൂരിൽ എത്തിച്ച ശേഷം അവിടെ നിന്നുമാണ് യുപി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി വിടുന്നത്. 4 ദിവസത്തിനുള്ളിൽ ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറി മാർക്കറ്റുകളിൽ എത്തിക്കും.

3 മുതൽ 4 ദിവസം കൊണ്ടാണ് ചക്ക യുപി, ന്യൂഡൽഹി സംസ്ഥാനങ്ങളിൽ എത്തുന്നത്. ഇത്രയും ദിവസം കേട് കൂടാതെ ഇരിക്കാനായി ഏറെ മുൻകരുതലുകളാണ് കച്ചവടക്കാർ എടുക്കുന്നത്.

ചക്ക അട്ടിയായി നിരത്തുന്നതിനു മുൻപ് ലോറിയുടെ പ്ലാറ്റ്‌ഫോമിലും വശങ്ങളിലും മെടഞ്ഞ തെങ്ങോലകളും അതിനു മുകളിലായി വാഴയിലകളും നിരത്തി വയ്ക്കും. ഇതിനു ശേഷം ചക്ക അട്ടിയിട്ട ശേഷം അതിനു മീതെ ഐസ് നിറച്ച ചാക്കുകളും വച്ചാണ് കൊണ്ടു പോകുന്നത്.

ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴേക്കു ഐസ് ചൂടിൽ ഉരുകി പോകുമെങ്കിലും തണുപ്പ് അതുപോലെ നിൽക്കും എന്നതിനാൽ ചക്ക കേടാകാതിരിക്കും. ചക്ക ലോറിയിൽ പാക്ക് ചെയ്യാൻ മാത്രം കുറഞ്ഞത് 2,50,000 രൂപ വരെ ചെലവ് വരുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

വിളഞ്ഞ വരിക്ക ചക്കകൾക്കു ഡിമാൻഡ് തമിഴ്നാട്ടിലാണ്. ഇവിടെ നിന്നും കൊണ്ടുപോകുന്ന ചക്കകൾ തമിഴ്നാട്ടിലെത്തിച്ച് പഴുപ്പിച്ച് അവിടെ പട്ടണ തെരുവുകളിൽ ചുളകൾ ആയിട്ടാണ് വിൽക്കുന്നത്.

വിളയാത്ത ചക്കയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ പച്ചക്കറി വിപണിയിലാണ് ചക്കയ്ക്ക് ഏറെ ആവശ്യക്കാരുള്ളത്. അവർ വിവിധ കറികൾ ഉണ്ടാക്കാനാണ് ചക്ക ഉപയോഗിക്കുന്നത്.

അതിനാൽ വിളയാത്ത ചക്കയാണ് കച്ചവടക്കാർക്ക് ആവശ്യം. വിളഞ്ഞ ചക്ക ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവ തിരിഞ്ഞ് പ്രാദേശിക വിപണികളിൽ വിൽക്കും.

പ്ലാവിനു മുകളിലുള്ള ചക്കകൾ ഏറെ ആയാസകരമായിട്ടാണു പറിക്കുന്നത്. അതിനാൽ തന്നെ ചെലവ് കൂടും.

ഇപ്പോൾ കിലോയ്ക്ക്10 നും 15 നും ഇടയിലാണ് ചക്കയുടെ ശരാശരി വിലയെന്ന് കച്ചവടക്കാർ പറയുന്നു.

പ്ലാവുകൾക്കു മുകളിൽ നിന്ന് പറിച്ചു കൊണ്ടുവരുന്നതിനു നല്ല ചെലവാണ്. താഴെ വീണ് കേട് സംഭവിക്കാതെ വേണം പറിക്കാൻ. അനേകം മേഖലകളിൽ വാഹനങ്ങളുമായി എത്തി അലഞ്ഞു നടന്നാണ് ചക്ക ശേഖരിച്ച് കൊണ്ടുവരുന്നത്.

ചക്ക കൂടുതലായി ലഭ്യമാകാൻ തുടങ്ങുന്നതോടെ വിപണി വില ഇടിയും. ചക്ക വ്യാപകമാകുന്നതോടെ ചക്ക വേണ്ടാതാകുമെന്നു കച്ചവടക്കാർ പറയുന്നു.

error: Content is protected !!