നിറഞ്ഞ സദസ്സിൽ, കൃത്യതയാർന്ന ചുവടുകളുമായി, ജില്ലാ ജഡ്ജിയുടെ ഭരതനാട്യം..
പൊൻകുന്നം: നിറഞ്ഞ സദസ്സിനു മുമ്പിൽ കൃത്യതയാർന്ന ചുവടുകളുമായി ജില്ലാ ജഡ്ജ് നൃത്തവേദിയിൽ. എസ്.എൻ.ഡി.പി.യോഗം 1044-ാം നമ്പർശാഖാ ഗുരുദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചായിരുന്നു ഭരതനാട്യം അടക്കം അവതരിപ്പിച്ച് വിശിഷ്ട നർത്തകി കാണികളുടെ കയ്യടിനേടിയത്. അരങ്ങിലെത്തിയത് ജില്ലാ ജഡ്ജ് (സ്‌പെഷ്യൽ ജഡ്ജ് പോക്‌സോ) റോഷൻതോമസ് നിധീരി. ഒപ്പം വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച 30ൽപരം കലാപ്രതിഭകളും.
മൂന്നാം വർഷമാണ് റോഷൻതോമസ് പൊൻകുന്നം ഗുരുദേവക്ഷേത്രാങ്കണത്തിൽ നൃത്തമാടുന്നത്. പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിൽ നൃത്താധ്യാപിക രുഗ്മിണി ലാലിന്റെ ശിക്ഷണത്തിൽ പഠനം തുടരുകയാണ് റോഷൻതോമസ്.
2022ലായിരുന്നു അരങ്ങേറ്റം. അന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റായിരുന്നു. ഒപ്പം താലൂക്ക് ലീഗൽസർവ്വീസ് കമ്മിറ്റി ചെയർപേഴ്‌സണുമായിരുന്നു.തുടർന്നുള്ള വർഷങ്ങളിലും ശിവരാത്രിനാളിൽ റോഷൻതോമസ് ഗുരുദേവക്ഷേത്രാങ്കണത്തിൽ നൃത്തം ചെയ്തു.
കുറവിലങ്ങാട് നിധീരിക്കൽ ജോണിജോസ് നിധീരിയാണ് ഭർത്താവ്. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും കലയോടുള്ള അഭിനിവേശമാണ് റോഷനെ ഇടയ്ക്കിടെ അരങ്ങിലെത്തിക്കുന്നത്. അതിനുള്ള എല്ലാ പിന്തുണയുമായിഭർത്താവ് ജോണി ജോസ് ഒപ്പമുണ്ട്. ജോസഫ്‌ജോൺ നിധീരി,തോമസ്‌ജോൺ നിധീരി എന്നിവരാണ് മക്കൾ.