റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ റബ്ബർ കര്‍ഷരുമായി മുഖാമുഖം സംവാദം നടത്തി.
കാഞ്ഞിരപ്പള്ളി: കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ. റബ്ബര്‍ കര്‍ഷരുമായി ചിറക്കടവ് ആര്‍.പി.എസില്‍ മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റബ്ബര്‍ മേഖലയില്‍ യന്ത്രവത്കരണം നടപ്പിലാക്കണമെന്നും അത് വഴി ഉത്പാദന ചെലവ് കുറയ്ക്കാൻകഴിയുമെന്നും അദ്ദേഹം കർഷകരെ ഓർമിപ്പിച്ചു. റബർ കർഷകർ റബ്ബർ ബോർഡിന്റെ ഇലക്ട്രോണിക് മാർക്കറ്റിംഗ് ആപ്പായ M – Rub- എം റബ്ബ് ഉപയോഗിച്ച് കാർഷിക വസ്തുക്കൾ ഏറെ ലാഭകരമായി വിൽക്കുന്നതിനും വാങ്ങുന്നതിനും കഴിയുമെന്നും , ഇതുവഴി യുവകർഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ റബ്ബര്‍ കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ചെയര്‍മാനുമായി കോട്ടയം ജില്ലയിലെ വിവിധ ആർ പി എസ് പ്രസിഡൻ്റുമാർ പങ്കുവെച്ചു.
റീപ്ലാന്റ് ചെയ്യുന്നതിനായി മുന്‍പുണ്ടായിരുന്ന സബ്‌സീഡി തുക ഹെക്ടറിന് 25,000 രൂപയില്‍ നിന്ന് 40,000 രൂപയായി ഉയര്‍ത്തിയതായും, ഒരു ഹെക്ടറിന് റെയിൻ ഗാർഡ് - മഴമറയിടുന്നതിന് 3000 രൂപയും സ്‌പ്രേയിങിനായി 4000 രൂപയും സബ്‌സീഡി ഇനിമുതല്‍ സ്ഥിരമായി നല്‍കും. റബ്ബര്‍ മേഖലയില്‍ യന്ത്ര വത്കരണം നടപ്പിലാക്കണമെന്നും അത് വഴി ഉത്പാദന ചെലവ് കുറയ്ക്കാനാകും.റബർ കുഴിയെടുക്കൽ,വളപ്രയോഗം, ടാപ്പിങ്, കാട് വെട്ട്,റബർ പാൽ സംസ്കരണം തുടങ്ങിയവയില്‍ യന്ത്രവത്കരണം കൊണ്ടുവരണം. ഇതിലൂടെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കാന്‍ കഴിയണം. വളപ്രയോഗത്തിന് സബ്‌സിഡി നല്‍കണമെന്നും റബ്ബര്‍ സബ്‌സീഡികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിതി നീട്ടണമെന്നും കാട്ട് പന്നി അടക്കമുള്ള വന്യമൃഗ ശല്യം തടയുന്നതിനായി തോട്ടങ്ങളിലെ കാട് വെട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
ചിറക്കടവ് ആര്‍.പി.എസ്. പ്രസിഡന്റ് മൈക്കിള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പുളിമാവ് ആര്‍.പി.എസ്. പ്രസിഡന്റ് തോമസ് സേവ്യര്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. റബ്ബര്‍ ബോര്‍ഡ് അംഗങ്ങളായ പി. രവീന്ദ്രന്‍ പിള്ള, കോര സി. ജോര്‍ജ്, ചിറക്കടവ് ആര്‍.പി.എസ്. സെക്രട്ടറി ഷാജിമോന്‍ ജോസ്, റൂഫാം സി. ഇ. ഒ. ജോമോൻ ജോസഫ്, വി.എൻ. കൃഷ്ണപിള്ള, സ്‌കറിയ ജോസഫ് കാരിയില്‍, ഷാജി മഞ്ഞാടിയിൽ , പ്രൊഫസർ തോമസ് ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.