കാഞ്ഞിരപ്പള്ളിയുടെ മുഖ്യ കുടിവെള്ള സ്രോതസ്സായ കരിമ്പുകയം ചെക്ക് ഡാം സാമൂഹിക വിരുദ്ധർ തുറന്നു വിട്ടു
കാഞ്ഞിരപ്പള്ളി : കരിമ്പുകയം ചെക്ക് ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടു. കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ് തുടങ്ങി കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പകുതിയിലേറെ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത് കരിമ്പുകയം ചെക്ക് ഡാമിന്റെ സമീപയുള്ള കിണറ്റിൽ നിന്നാണ് . ചെക്ക് ഡാം തുറന്നുവിട്ട കാര്യം അറിഞ്ഞ ഉടനെ, സമീപത്ത് താമസിക്കുന്ന ഷിബു, സുഹൃത്തുക്കൾക്കൊപ്പം സാഹസികമായി ഷട്ടറുകൾ അടച്ചതോടെ, കൂടുതൽ വെള്ളം പുറത്തേക്ക് നഷ്ട്ടപെട്ട് പോകാതെ തടഞ്ഞു നിർത്തുവാൻ സാധിച്ചു . ഷട്ടർ തുറന്നതോടെ ചെക്ക് ഡാമിൽ ഒന്നര അടിയോളം വെള്ളം താഴ്ന്നുവെന്ന് ഷിബു പറഞ്ഞു .
ഇനിയും മഴ പെയ്തില്ലങ്കിൽ മേഖലയിലെ കുടിവെള്ള വിതരണം പൂർണമായ നിലയ്ക്കുന്ന അവസ്ഥയിലാണ്. ചെക്ക് ഡാം തുറന്നുവിട്ട സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന റബ്ബർ പ്രോസസ്സിംഗ് കമ്പനിയിലെ മാലിന്യങ്ങൾ ഒഴുക്കിക്കളയുവാനാണ് ചെക്ക് ഡാം തുറന്നുവിട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു. .