42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത് എന്ന് ആന്റോ ആന്റണി, സേനാ വിഭാഗത്തെ അധിക്ഷേപിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം ആന്റോയ്ക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അനിൽ ആന്റണി
പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണവുമായി പത്തനംതിട്ട ലോക്സഭാ സ്ഥാനാർഥി ആന്റോ ആന്റണി എം പി. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യുമെന്നും അതിന്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്ന് ആന്റോ പറഞ്ഞു. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. കേന്ദ്രം അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും എംപി പറഞ്ഞു. അന്നത്തെ കാഷ്മീർ ഗവർണർ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. കൃത്രിമമായി സൃഷ്ടിച്ച സ്ഫോടനമെന്ന് കാഷ്മീരിൽ നടന്നതെന്ന് അന്നത്തെ ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു.
പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണം ഉന്നയിച്ച ആന്റോ ആന്റണി എംപിക്ക് മറുപടിയുമായി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി.
ആന്റോ പാക്കിസ്ഥാനെ വെള്ളപൂശി, സേനാ വിഭാഗത്തെയും അവരുടെ ത്യാഗത്തെയും അധിക്ഷേപിച്ചു. ആന്റോയ്ക്ക് പാർലമെന്റിൽ കാലുകുത്താൻ അവകാശമില്ലെന്നും അനിൽ ആൻണി പറഞ്ഞു. ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികൾക്ക് ബിജെപി ഇറങ്ങുമെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു.