കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോർട്സ് സ്കൂളിന് 7.25 കോടിയുടെ ധനാനുമതിയായി : ഡോ. എൻ. ജയരാജ്
കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം സ്പോർട്സ് സ്കൂളിനായി അന്തിമ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 27.25 കോടി രൂപയുടെ ധനാനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് അറിയിച്ചു.
സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടിസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ സിന്തറ്റിക് ടർഫ്, സ്പോർട്സ് സ്കൂളിലെ കുട്ടികൾക്കും പരിശീലകർക്കും ഹോസ്റ്റലുകൾ, മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്പോർട്സ് ബിൽഡിങ്, ഭിന്നശേഷി സൗഹൃദ സ്പോർട്സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോർട്സ് പ്രവർത്തികൾക്കായുള്ള സ്പെഷൽ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ ചുമതല.
സ്പോർട്സ് സ്കൂൾ നിർമിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചും, മരങ്ങൾ മുറിച്ചും മാറ്റിയിരുന്നു. പഴയ സ്കൂൾ കെട്ടിടത്തിന് പകരമായി എംഎൽഎ ഫണ്ടിൽ നിന്ന് 3.70 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചു. പുതിയ കെട്ടിടത്തിൽ നിലവിലുള്ള എൽപി സ്കൂളിന്റെ 1 മുതൽ 4 വരെ ക്ലാസുകളും ഹൈസ്കൂളിന്റെ 5 മുതൽ 10 വരെ ക്ലാസുകളും സ്പോർട്സ് സ്കൂളിന്റെ 7 മുതൽ 10 വരെ ക്ലാസുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. സ്പോർട്സ് സ്കൂൾ ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും അവിടേക്കു മാറ്റുകയും ചെയ്തു. സ്പോർട്സ് സ്കൂൾ നിർമാണം പൂർത്തിയായ ശേഷം ഇവിടേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും.
മലയോര മേഖലയിൽ നിന്നും കായികതാരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പദ്ധതി യാഥാർഥ്യമാക്കാൻ പ്രത്യേക പരിഗണന നൽകി തുടർ നടപടികൾ സ്വീകരിക്കുമെന്നും ചീഫ് വിപ്പ് അറിയിച്ചു.