ശബരിമല വിമാനത്താവളം: സർക്കാർ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കി.
എരുമേലി : നിർദിഷ്ട ശബരി വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പിന്റെ പ്രാഥമിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
1000.28 ഹെക്ടർ ഭൂമിയാണു സർക്കാർ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം. ഒരു വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണു നിയമം.
ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം–2013 പ്രകാരമാണു പ്രാഥമിക വിജ്ഞാപനം ഇറക്കിയിരിക്കുന്നത് .2569.5 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണു നടക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്.
വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കുമാണു തുക അനുവദിച്ചതെന്നു ബജറ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 2.01 കോടി രൂപയായിരുന്നു.
11(1) പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീർണം, വസ്തു ഉടമകളുടെ പേര്, വിലാസം ഉൾപ്പെടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യും.
റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലമുടമകൾക്കും സമീപ വസ്തു ഉടമകൾക്കും നോട്ടിസ് നൽകി സ്ഥലം അളന്നുതിട്ടപ്പെടുത്തും. കാറ്റഗറി തിരിച്ച് സ്ഥലമൂല്യം കണക്കാക്കും.നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലി തുടരും. നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും രാജകീയ വൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവൽക്കരണ വിഭാഗവും മറ്റു മരങ്ങളുടെയും കാർഷികവിളകളുടെയും മൂല്യം കൃഷിവകുപ്പുമാണു കണക്കാക്കുന്നത്.
ഇതിനുശേഷം 18(1) വിജ്ഞാപനം ഇറക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ കൃത്യമായ അളവ് അടക്കമാണ് വിജ്ഞാപനം ഇറക്കുക. ഒരു വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണു ചട്ടം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാലും സ്ഥലമേറ്റെടുപ്പിനെ ബാധിക്കില്ലെന്നും റവന്യു അധികൃതർ പറയുന്നു.