റേഷൻ വിതരണം ഇഴയുന്നു; സപ്ലൈകോയിൽ സാധനങ്ങളില്ല, ജീവനക്കാരും കൈവിടുന്നു

കാഞ്ഞിരപ്പള്ളി : ഇപോസ് തകരാറും മസ്റ്ററിങ് പ്രശ്നങ്ങളും വാതിൽപടി വിതരണ പ്രതിസന്ധിയും മൂലം കാഞ്ഞിരപ്പളളി താലൂക്കിലെ റേഷൻ വിതരണം ഇഴയുകയാണ്. ഈ മാസം ഇതുവരെ 20 ശതമാനത്തിൽ താഴെ മാത്രമാണ് വിതരണം നടന്നിട്ടുള്ളത്. ഇനിയും അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ 5 ദിവസം മാത്രമാണ് റേഷൻ വിതരണം ഉള്ളത്. ഇത്രയും ദിവസം കൊണ്ട് വിതരണം പൂർത്തിയാക്കാൻ സാധ്യത കുറവാണെന്നാണ് പറയുന്നു.

ആദ്യം മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരുമിച്ച് നടത്താനായിരുന്നു നിർദേശം. ഇതുപ്രകാരം മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരുമിച്ച് തുടങ്ങിയെങ്കിലും ഇ പോസ് മെഷീന്റെ പ്രശ്നങ്ങൾ മൂലം രണ്ടും തകരാറിലായി. ഇതോടെ മസ്റ്ററിങ് നിർത്തി റേഷൻ വിതരണം മാത്രം പുനരാരംഭിച്ചു. എന്നാൽ ഇപ്പോഴും ഇപോസ് സ്ഥിരം തകരാറിലാകുകയാണെന്നു റേഷൻ വ്യാപാരികൾ പറയുന്നു. റേഷൻ സാധനങ്ങൾക്ക് വേണ്ടി കാർഡ് ഉടമകൾ ഒന്നിലധികം തവണ കയറിയിറങ്ങേണ്ട സ്ഥിതിയാണ് റേഷൻ കടകളിലുള്ളതെന്നും നാട്ടുകാർ പറയുന്നു.

പണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എഫ്സിഐയിൽ നിന്ന് താലൂക്ക് ഡിപ്പോകളിലേക്കു റേഷൻ എത്തിക്കുന്ന കരാറുകാരും താലൂക്കുകളിൽ നിന്ന് കടകളിലേക്ക് വാതിൽപടി വിതരണം നടത്തുന്ന കരാറുകാരും സമരത്തിലായിരുന്നു. സാധാരണ മാസത്തിന്റെ ആദ്യ ആഴ്ച വാതിൽപടി വിതരണം ആരംഭിക്കാറുണ്ടായിരുന്നു. സമരം മൂലം 16 ദിവസം വൈകിയാണ് ആരംഭിച്ചത്. റേഷൻ വിതരണത്തിലെ ആദ്യഘട്ട പ്രതിസന്ധികൾ മൂലമാണ് റേഷൻ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടായത്. ഇത്രയും വൈകിയ സ്ഥിതിക്ക് ഈ സമയം കൊണ്ട് വിതരണം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. പരിമിതമായ സമയത്തിനുള്ളിൽ ജനങ്ങൾക്ക് റേഷൻ കൊടുത്തു തീർക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

∙സപ്ലൈകോ ഔട്‌ലറ്റുകളിൽ വിൽപന കുറഞ്ഞതോടെ വിവിധ കമ്പനികൾ സാധനങ്ങൾ പിൻവലിക്കുന്നു. സബ് സിഡി സാധനങ്ങളുടെ കുറവും വില വർധനയും മൂലം വിൽപന കുറഞ്ഞിരുന്നു. ഇതോടെയാണ് കമ്പനികൾ ഡിസ്പ്ലേ സാധനങ്ങൾ തിരികെ എടുക്കുന്നത്. ഇതുമൂലം മിക്ക സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും കമ്പനി സാധനങ്ങൾ സ്റ്റോക്കില്ല,. വിവിധ കമ്പനികൾ അവരുടെ ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിതരണത്തിനുമായി നിയോഗിച്ചിരുന്ന ജീവനക്കാരെയും ഔട്‍ലറ്റുകളിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

∙ കാഞ്ഞിരപ്പള്ളി താലൂക്കിലെ 24 ഔട്‍ലറ്റുകളിൽ ഉഴുന്ന്, കടല, ചെറുപയർ, വെളിച്ചെണ്ണ എന്നിവ മാത്രമാണ് സബ്സിഡി സാധനങ്ങളായി താലൂക്കിലെ മിക്ക സപ്ലൈകോ കടകളിലും എത്തിയിട്ടുള്ളത്. ചിലയിടത്ത് വെളിച്ചെണ്ണ ലഭ്യമല്ല. കെ റൈസ് ഉണ്ടെങ്കിലും ഇതിന്റെ സ്റ്റോക്ക് പരിമിതമാണ്. എട്ടുമുതൽ 10 ചാക്ക് വരെ മാത്രമാണ് മിക്കയിടത്തും എത്തിയിട്ടുള്ളത്.

സപ്ലൈകോ ഔട്‍ലറ്റിൽ ഒരു ലീറ്റർ ശബരി വെളിച്ചെണ്ണയുടെ വില 147 രൂപയാണ്. (ഇതിന്റെ പരമാവധി വിൽപന വില 178 രൂപയാണ്. ഇതിൽ അര ലീറ്റർ വെളിച്ചെണ്ണ വിലയിൽ സബ്സിഡിയും കുറച്ച് 147 രൂപയാണ് വാങ്ങുന്നത്). അതേ സമയം പൊതുവിപണിയിൽ മിക്ക ബ്രാൻഡുകളുടെയും വെളിച്ചെണ്ണ വില ലീറ്ററിനു 138 മുതൽ 140 രൂപയാണ് .

∙ വിൽപനയുടെ ശതമാനം അനുസരിച്ച് ശമ്പളം ലഭിച്ചിരുന്ന ജീവനക്കാരും ജോലി നിർത്തി തുടങ്ങിയിട്ടുണ്ട്. വിൽപന കുറഞ്ഞതോടെ അനുപാതികമായി ശമ്പളവും കുറഞ്ഞതുമൂലം പിടിച്ചു നിൽക്കാൻ കഴിയാതെയാണ് താൽക്കാലിക ജീവനക്കാർ സപ്ലൈകോ ഔട്‍ലറ്റുകളിലെ ജോലി ഉപേക്ഷിക്കുന്നത്.

∙ ജില്ലയിൽ കെ റൈസ് ആകെ എത്തിയത് 600 ചാക്ക് അരിയാണ്. ഒരു കാർഡ് ഉടമയ്ക്ക് കിലോയ്ക്ക് 30 രൂപ പ്രകാരം പരമാവധി 5 കിലോ അരിയാണ് നൽകുന്നത്. ആദ്യം 200 ചാക്ക് അരിയും ഇന്നലെ 400 ചാക്ക് കെ റൈസ് അരിയുമാണ് ഇതുവരെ എത്തിയത്.110 സപ്ലൈകോ ഔട്‍ലറ്റുകളാണ് ജില്ലയിലുള്ളത്.

error: Content is protected !!