പവിത്രമായ മനസ്സുകളോടെ ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി : മുപ്പത് വ്രതദിനങ്ങളുടെ നന്മകൾ സ്വന്തമാക്കി പവിത്രമായ മനസ്സുകളോടെ ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പുണ്യങ്ങൾ പെയ്തിറങ്ങിയ വിശുദ്ധ റമസാനിന്റെ രാപകലുകൾക്കു വിട നൽകിയാണ് മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചത് . നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമർപ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിർവൃതിയുടേതും.
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും തെറ്റുകളിൽ നിന്ന് അകന്നുനിന്നും നന്മകൾ വർധിപ്പിച്ചും സ്രഷ്ടാവിന്റെ കല്പനകളെ ശിരസാവഹിച്ച വിശ്വാസി സമൂഹത്തിന് ഈദിന്റെ സുദിനം ആഘോഷത്തിന്റേതാണ്. സഹനത്തിന്റെയും സമർപ്പണത്തിന്റെയും 30 ദിനരാത്രങ്ങൾക്ക് ഒടുവിൽ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ ജുമാ മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ തിരുകർമ്മങ്ങൾക്കു ഇമാം ഷിഫാർ മൗലവി നേതൃത്വം നൽകി. തുടർന്നു അദ്ദേഹം അനുഗ്രഹ പ്രഭാഷണം നടത്തി.
കാഞ്ഞിരപ്പളി നൈനാർ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളിയിലെ കർമ്മങ്ങൾ കഴിഞ്ഞ ശേഷം പരസ്പരം ആശ്ലേഷിച്ചു വിശ്വസികൾ പെരുന്നാൾ സന്തോഷം പങ്കുവെച്ചു. തുടർന്ന് പാവങ്ങൾക്ക് സക്കാത്ത് നൽകിയ ശേഷം , റമദാന്റെ തുടർ ആഘോഷങ്ങൾക്കായി സ്വഭവനങ്ങളിലേക്കു പോയി.
മുസ്ലിം മതവിശ്വാസികളുടെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ ഓര്‍മപുതുക്കലാണ് റമദാന്‍. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ കഴിഞ്ഞകാലങ്ങളെ വിലയിരുത്താനും വരുംകാല ജീവിതത്തെ പുതുക്കിപ്പണിയാനും വിശ്വാസികള്‍ വ്രതമാസത്തിന്റെ ദിനങ്ങൾ ചെലവഴിച്ചു . ഇച്ഛകളെയും ആശകളെയും നിയന്ത്രിക്കുന്നതിലൂടെ ദൈവഹിതത്തിനാണ് തന്റെ ജീവിതത്തില്‍ പ്രമുഖ്യമെന്ന് പ്രഖ്യാപിക്കുകയാണ് ഓരോ വിശ്വാസിയും ആ പുണ്യ മാസത്തിൽ ചെയ്തത് . സമ്പത്തിന്റെ ശുദ്ധീകരണമായ സക്കാത്തും മറ്റു ദാനധര്‍മങ്ങളും നിര്‍വഹിക്കുന്നതിന് വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭംകൂടിയാണ് പുണ്യങ്ങളുടെ ഈ മാസം.
വ്രതപുണ്യത്തിലൂടെയും സ്വയം സംസ്കരണത്തിലൂടെയും വിശ്വാസികൾ ആത്മീയ ചൈതന്യത്തിലേക്ക് അടുത്ത നാളുകളാണ് കടന്നുപോയത്. ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം ഒരു മാസം വ്രതാനുഷ്ഠാനത്തിനായി മാറ്റി വച്ചിരുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വിശ്വാസി പൂർണമായും ആരാധനാ കർമങ്ങളിലൂടെ സ്രഷ്ടാവിലേക്ക് കൂടുതലായി അടുത്ത സമയമാണ് റമദാൻ മാസം.
ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടർജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണ് ഓരോ ഈദ് സുദിനത്തിലും.
അത്യാഹ്ലാദപൂർവം പെരുന്നാളാഘോഷിക്കുമ്പോഴും പട്ടിണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടിവരുന്ന സഹ ജീവികളെ വിസ്മരിക്കരുതെന്ന പാഠവും റമദാൻ നൽകുന്നു .