കർഷക മഹാസംഗമം നടത്തി; സംവാദത്തിനിടെ അവതാരകനുമായി തര്‍ക്കം; ആന്റോ ആന്റണിയും വാഴൂര്‍ സോമനും പി.സി ജോര്‍ജും ഇറങ്ങിപ്പോയി.

കോരുത്തോട് : വന്യജീവികളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കർഷക മഹാസംഗമം കോരുത്തോട്ടിൽ നടന്നു.
കർഷകർ നേരിടുന്ന വന്യജീവി ശല്യം, മരം മുറിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പട്ടയ സംബന്ധമായ പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു.

തുടർച്ചയായി വന്യജീവി ആക്രമണത്തിൽ മനുഷ്യരും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുകയും കൃഷികൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൃഷിയിൽ ഏർപ്പെടുന്നതിനും ദൈനംദിന ആവശ്യങ്ങൾക്കും ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം മാറണം. ഈ ആവശ്യങ്ങൾക്കായി കോരുത്തോട് എരുമേലി പെരുനാട്, പെരുവന്താനം, കൊക്കയാർ മുണ്ടക്കയം, പഞ്ചായത്തുകളിലെ ജനങ്ങൾ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോരുത്തോട്ടില്‍ മലയോര കര്‍ഷകസമിതി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍നിന്ന് പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി എംപിയും മറ്റു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഇറങ്ങിപ്പോയി. അവതാരകനുമായി കടുത്ത വാദപ്രതിവാദങ്ങളിലേര്‍പ്പെട്ട ഇവര്‍ അവതാരകന്‍ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് പരിപാടി പൂര്‍ത്തിയാക്കാതെ വേദിയില്‍നിന്ന് ഇറങ്ങിപ്പോയത്.

ആന്റോ ആന്റണിയും എല്‍.ഡി.എഫ് എംഎല്‍എ വാഴൂര്‍ സോമനും പി.സി ജോര്‍ജുമാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത്. കര്‍ഷക മഹാസമ്മേളനം എന്ന പരിപാടിയിലാണ് രൂക്ഷമായ വാഗ്വാദം നടന്നതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുത്ത മൂന്ന് മുന്നണിയിലെയും നേതാക്കള്‍ കളംവിടുകയായിരുന്നു.

വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേതാക്കളെ കുഴക്കിയത്. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചെയ്ത നടപടികളെ കുറിച്ചാണ് രൂക്ഷമായ ചോദ്യങ്ങളുയര്‍ന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി വിഷയത്തില്‍ ഇനി എന്താണ് ചെയ്യാനുള്ളത് എന്നത് സംബന്ധിച്ചും ചോദ്യമുയര്‍ന്നു.

ഇതൊരു ചര്‍ച്ചയാണെന്നറിയില്ലെന്നും ചര്‍ച്ചയാണെന്നറിഞ്ഞിരുന്നെങ്കില്‍ രേഖകള്‍ കൊണ്ടുവന്നേനെയെന്നും ആന്റോ ആന്റണി പറഞ്ഞു. ആന്റോ ആന്റണി സംസാരിക്കുന്നതിനിടയില്‍ അവതാരകന്‍ ഇടപെട്ടതോടെ ആന്റോ അദ്ദേഹത്തോട് കയര്‍ത്തു സംസാരിച്ചു. പിന്നാലെ താനാരാ, തന്റെ പണി നോക്കെന്ന് പറഞ്ഞ് ആന്റോ വേദിയില്‍ നിന്ന് ഇറങ്ങി.

വാഴൂര്‍ സോമന്‍ എം.എല്‍.എയും പി.സി ജോര്‍ജും സംസാരിക്കുമ്പോഴാണ് അവതാരകന്‍ ആദ്യം ഇടപെട്ടത്. ഐ ആം ദ മോഡറേറ്റര്‍ എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ വാട്ട് മോഡറേറ്ററെന്ന് പി.സി ജോര്‍ജ് തിരിച്ചുചോദിച്ചു. പിന്നാലെ അദ്ദേഹം പരിപാടിയില്‍ നിന്ന് അദ്ദേഹവും ഇറങ്ങിപ്പോകുകയായിരുന്നു.

ആന്റോ ആന്റണി എംപി, പീരുമേട് എം.എൽ.എ വാഴൂർ സോമൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. ബിജെപി നേതാവ് പി സി ജോർജ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജോജോ പാമ്പാടത്ത്, കോരുത്തോട് സെന്റ് ജോർജ് ഇടവക വികാരി ഫാ.സക്കറിയാസ് ഇല്ലിക്കമുറി, മലയോര സംരക്ഷണസമിതി ചെയർമാൻ പി.ജെ.സെബാസ്റ്റ്യൻ, ജനറൽ കൺവീനർ സണ്ണി വെട്ടുകല്ലേൽ, എസ്.എൻ.ഡി.പിയെ പ്രതിനിധീകരിച്ച് എ.എൻ. സാബു, എൻ എസ് എസ് കരയോഗം പ്രസിഡന്റ് വേണുകുട്ടൻ നായർ,ഐക്യമലയരയ മഹാസഭ പ്രതിനിധി ഷിബു കുറുമ്പനക്കൽ, അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രതിനിധി ദിവാകരൻ പുത്തൻപുരക്കൽ, ആദിവാസി മൂപ്പൻ പി.പി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!