നൂറ്റിയെട്ടാം വയസ്സിൽ കുട്ടിയമ്മ വോട്ട് രേഖപ്പെടുത്തി, രാഷ്ട്രത്തോടുള്ള കടമ നിർവഹിച്ച് സമൂഹത്തിന് മാതൃകയായി .

എരുമേലി :പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ കനകപ്പലം നീറംപ്ലാക്കൽ ശോശാമ്മ മാത്തൻ എന്ന കുട്ടിയമ്മ (108 വയസ്) ശനിയാഴ്ച തന്റെ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാൻ വേണ്ടി പോളിംഗ് ബൂത്തിൽ എത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് കുട്ടിയമ്മ അറിയിച്ചതിന്റെ തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി കുട്ടിയമ്മയ്ക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുകയായിരുന്നു.

ആദ്യമായാണ് വീട്ടിൽ വെച്ച് വോട്ട് ചെയ്യേണ്ടി വന്നതെന്ന് കുട്ടിയമ്മ പറഞ്ഞു. വാക്കറിന്റെ സഹായത്തോടെ അൽപ്പം നടക്കാൻ കഴിയുന്നത് മൂലം ഇത്തവണ വോട്ട് ചെയ്യാൻ വേണ്ടി പോളിംഗ് ബൂത്തിൽ എത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് കുട്ടിയമ്മ മകൻ മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മേപ്രയിൽ ജോയിയെ അറിയിച്ചിരുന്നു. പോളിംഗ് ഓഫിസർക്ക് ജോയി ഇത് സംബന്ധിച്ച് അപേക്ഷ നൽകിയതിനെ തുടർന്ന് ഇന്നലെ ഉദ്യോഗസ്ഥർ വീട്ടിൽ എത്തി കുട്ടിയമ്മയ്ക്ക് വോട്ട് ചെയ്യാൻ സൗകര്യം നൽകി.

കണ്ണട ഉപയോഗിച്ച് ബാലറ്റ് പേപ്പർ വായിച്ചു നോക്കിയ ശേഷം ആണ് കുട്ടിയമ്മ തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചത്. എല്ലാവരും വോട്ട് ചെയ്യണമെന്നും ആരും വിട്ട് നിൽക്കരുതെന്നും കുട്ടിയമ്മ പറഞ്ഞു. ഇതുവരെ ജീവിതത്തിൽ പോളിംഗ് ബൂത്തിൽ എത്തിയാണ് വോട്ട് ചെയ്തിട്ടുള്ളതെന്നും 24 വയസ് മുതൽ ഒരു പ്രാവശ്യം മാത്രം ആണ് വോട്ട് ചെയ്യാൻ കഴിയാതെ കിടപ്പിൽ രോഗബാധിതയായി കഴിഞ്ഞിട്ടുള്ളതെന്നും നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇത്തവണയും പോളിംഗ് ബൂത്തിൽ എത്തി വോട്ട് ചെയ്യുമായിരുന്നു എന്നും കുട്ടിയമ്മ ഓഫിസർമാരോട് പറഞ്ഞു.

error: Content is protected !!