മഴക്കാറുകണ്ടാൽ ഉള്ളുലയുന്നവർ… കൂട്ടിക്കലിൽ ഇനിയും വേണം മുന്നൊരുക്കം

കൂട്ടിക്കൽ : പ്രളയം സർവനാശംവിതച്ച കൂട്ടിക്കലിൽ മഴക്കാല പ്രതിരോധ മുന്നൊരുക്കങ്ങൾ അപൂർണം. 2021-ലെ പ്രളയം സമ്മാനിച്ച മുറിവുകൾ ഇനിയും കൂട്ടിക്കലുകാരുടെ മനസ്സിൽനിന്നു വിട്ടുമാറിയിട്ടില്ല.

അന്ന് കരകവിഞ്ഞൊഴുകിയ പുല്ലകയാറും കൈത്തോടുകളും ശുചീകരിച്ചെങ്കിലും വലിയ പാറക്കല്ലുകളടക്കം ആറിന്റെ തീരങ്ങളിൽ തന്നെയിട്ടിരിക്കുകയാണ്‌. വരുന്ന മഴക്കാലത്ത് ഇവ ഒഴുകി വീണ്ടും ആറ്റിലേക്കും തോട്ടിലേക്കുമെത്തും. തോടുകളുടെയും ആറുകളുടെയും ആഴംകൂട്ടുന്നതിനുള്ള നടപടികൾ ഫലപ്രദമായി നടപ്പാക്കിയില്ലെന്നും ആരോപണമുണ്ട്. കല്ലും മണലും പൂർണമായും എടുത്ത് മാറ്റാത്തത് സാങ്കേതിക തടസ്സമാണെന്ന് അധികൃതർ പറയുന്നു.

പ്രളയത്തിൽ തകർന്ന പല പാലങ്ങളുടെയും റോഡുകളുടെയും നിർമാണം പൂർത്തീകരിച്ചിട്ടില്ല. ഇനിയും ഒരു പ്രളയത്തെ നേരിടുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി താമസിപ്പിക്കുവാനുള്ള ഷെൽട്ടർ ഹോം നിർമിക്കുവാൻ തേൻപുഴയിൽ പഞ്ചായത്ത് അഞ്ച് സെന്റ് ഭൂമി വിലയ്ക്കുവാങ്ങി. ഇതിന്റെ ആധാരം നടപടികൾ പൂർത്തീകരിച്ചു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചിട്ടില്ല.

മുണ്ടക്കയം-ഇളംകാട്-വാഗമൺ റോഡിന്റെ ഭാഗമായ ഇളംകാട് ടൗൺ പാലം പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു. ഈ പാലം പൊളിച്ചെങ്കിലും ഇതുവരെ പുനർനിർമിച്ചിട്ടില്ല. ഇതോടെ വല്യേന്ത, ഇളംകാട് ടോപ്പ്, മ്ലാക്കര, കൊടുങ്ങ തുടങ്ങിയ പ്രദേശത്തേക്കുള്ളവർക്ക് യാത്രാ ദുരിതം ഇരട്ടിയാണ്. 50 രൂപ ഓട്ടോക്കൂലിക്ക് പോയിക്കൊണ്ടിരുന്നയിടത്ത് 170 രൂപ വരെ നൽകേണ്ട സ്ഥിതിയായി. മഴക്കാലം മാറിയതോടെ ഓട്ടോറിക്ഷപോലുള്ള വാഹനങ്ങൾ ഭാഗികമായി തകർന്ന പാലത്തിലൂടെ ഓടിത്തുടങ്ങി. രണ്ടുമാസം മുൻപ് ഓട്ടോറിക്ഷ ഓടിയിരുന്ന പാലവും കരാറുകാർ പൊളിച്ചുനീക്കി.

ഇതോടെ യാത്രാക്ലേശം രൂക്ഷമായി. പാലം തകർന്നശേഷം വല്യേന്ത മേഖലയിലേക്കുള്ള ബസ് സർവീസും നിലച്ചു. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര കൂടുതൽ ദുഷ്‌കരമാകും. പുനർനിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിന് മണ്ണുനീക്കിയെങ്കിലും പാറ കണ്ടെത്താൻ സാധിക്കാത്തത് തടസ്സമാണ്.

error: Content is protected !!