സ്കൂൾ വിപണി സജീവം; പ്രതീക്ഷയോടെ വ്യാപാരികൾ
കാഞ്ഞിരപ്പള്ളി : സ്പൈഡർമാനും, അയൺമാനും, ഡോറയും, േഛാട്ടാഭീമുമൊക്കെ വഴിയോരങ്ങളിൽ നിറഞ്ഞു. സ്കൂൾ തുറക്കുന്നതിനു മുൻപായി പുത്തൻ ബാഗും, കുടയും, വാങ്ങാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. കുട്ടികളുടെ മാറുന്ന ഇഷ്‌ടങ്ങൾക്കനുസരിച്ച് വിപണിയും മാറിക്കഴിഞ്ഞു.
പല പ്രമുഖ ബ്രാൻഡുകളും വ്യത്യസ്തതയുമായി കളത്തിലിറങ്ങിയിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും സൂപ്പർഹീറോകളുടെയും മുഖവും ചിത്രങ്ങളും പതിഞ്ഞ ബാഗുകൾക്കാണ് ആവശ്യക്കാരേറെയും. പല നിറങ്ങളിലുള്ള കുടകളും, വാട്ടർ ബോട്ടിലുകളും, ലഞ്ച് ബോക്സും കടകളിൽ സ്ഥാനം പിടിച്ചുതുടങ്ങി. 380 രൂപ മുതലാണ് ബാഗുകളുടെ വില.
ബ്രാൻഡഡ് ബാഗുകൾക്കാണ് ആവശ്യക്കാർ. കുട്ടികളുടെ ബാഗുകൾക്ക് 350 രൂപ മുതലാണ് വില. കഴിഞ്ഞ സീസണിലെക്കാളും ചെറിയ വില വർധനയുണ്ട്.
പുതിയ ട്രെൻഡുകൾക്കനുസരിച്ച് ഡിസൈൻ കുടകളും വിപണിയിലുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ, സൂപ്പർ ഹീറോ കഥാപാത്രങ്ങളെ പ്രിന്റ് ചെയ്ത കുടകൾക്കാണ് കൂടുതൽ ആവശ്യക്കാർ. 350 രൂപ മുതലാണ് കുടകളുടെ വില. ചൈനീസ് കുടകൾ-250 രൂപ മുതൽ, കേരള കുടകൾക്ക് -400 അടുത്താണ് വില. ലഞ്ച് ബോക്സ് 100 മുതൽ ലഭ്യമാണ്.
പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾക്ക് 85 മുതൽ 175 രൂപ വരെയാണ് വില. വാട്ടർ ബോട്ടിലുകൾക്ക് വില 60 രൂപ മുതൽ തുടങ്ങുന്നു. കറിപാത്രത്തിന് 95 മുതൽ 125 രൂപ വരെയാണ് വില. പൗച്ചിന് 25 രൂപയും, ബോക്സിന് 90 മുതൽ 150 വരെയും. സ്കൂൾ വിപണി സജീവമായതോടെ മുൻവർഷങ്ങളിലെ മന്ദഗതി മാറി മികച്ച വിപണി ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അടുത്ത ആഴ്ചയോടെ വിപണി ഉണരും എന്ന പ്രതീക്ഷയിലാണ് അവർ.