കോട്ടയം ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പ് ; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത , റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്ന കോട്ടയം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. ഈ ജില്ലകളിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം 2 ദിവസത്തിനകം രൂപപ്പെടുന്നതിനു മുന്നോടിയായാണ് ഇപ്പോഴത്തെ മഴ.
അതിതീവ്ര മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണം. തീരപ്രദേശത്തു ജാഗ്രത പാലിക്കണം. എല്ലാ ജില്ലകളിലും 24 മണിക്കൂർ താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. 1077, 1070 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.