മതസൗഹാർദത്തിന്റെ തണലിൽ ഒരു യാത്രയയപ്പ്

പെരുവന്താനം ∙ മതസൗഹാർദത്തിന്റെ തണലിൽ നാടിന് മാതൃകയായി യാത്രയയപ്പ് ചടങ്ങ്. അഞ്ചു വർഷമായി സെന്റ് ജോസഫ്സ് പള്ളിയിൽ സേവനം ചെയ്തിരുന്ന ഫാ.തോമസ് നെല്ലൂർ കാലായിൽപറമ്പിലാണ് സ്ഥലം മാറി പോകുന്നതിന്റെ ഭാഗമായി യാത്ര പറയാൻ പെരുവന്താനം ജുമാ മസ്ജിദിൽ എത്തിയത്.

ചീഫ് ഇമാം സബീർ മൗലവിയുടെയും ജമാ അത്ത് ഭാരവാഹികളുടെയും നേതൃത്വത്തിൽ വൈദികനെ സ്വീകരിച്ചു. അഞ്ച് വർഷക്കാലത്തെ പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഓർമ പുതുക്കി. മുൻകൂട്ടി തീരുമാനിച്ചില്ലെങ്കിലും വേഗത്തിൽ ഒരു യാത്രയയപ്പ് ചടങ്ങ് തന്നെ നടന്നു.

എല്ലാ ക്രിസ്മസ് ദിനത്തിലും ജമാഅത്ത് ഭാരവാഹികൾ ആശംസകളുമായി സെന്റ് ജോസഫ്സ് പള്ളിയിൽ എത്താറുണ്ട്. ഇൗദ് ദിനങ്ങളിൽ പള്ളി വികാരിയും കമ്മിറ്റി അംഗങ്ങളും ജുമാ മസ്ജിദിലും എത്തും.

ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന ആളുകൾക്ക് കുടിവെള്ളം നൽകുന്നത് എല്ലാ മത വിഭാഗത്തിലും ഉള്ള ആളുകൾ ചേർന്നാണ്. ഇത്തരത്തിൽ മതസൗഹാർദത്തിന്റെ മാതൃകയാണ് ഇൗ ഗ്രാമം.

error: Content is protected !!