മുക്കൂട്ടുതറയിൽ ബസ് സ്റ്റാൻഡിനായി അരയേക്കർ നൽകാമെന്ന് ജലീൽ കരുവാളിക്കൽ ; സാധ്യതാ പഠനത്തിന് ഒരുങ്ങി പഞ്ചായത്ത്
എരുമേലി ∙ ബസ് സ്റ്റാൻഡ് നിർമിക്കാൻ അരയേക്കർ ഉപാധിരഹിതവും സൗജന്യവുമായി വിട്ടുനൽകാൻ തയാറായി
നാട്ടുകാരനായ ജലീൽ കരുവാളിക്കൽ. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിലാണു സ്റ്റാൻഡ് സ്ഥാപിക്കുന്നതിനു സൗജന്യമായി സ്ഥലം വാഗ്ദാനം. മുക്കൂട്ടുതറ ടൗണിനോട് ചേർന്നുള്ള സ്ഥലമാണിത്.
സ്ഥലം സ്റ്റാൻഡിന്അനുയോജ്യമോന്ന് പരിശോധിച്ച് നടപടികളുമായി മുന്നോട്ടുപോകുന്നതിനു പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജിയുടെ അധ്യക്ഷതയിൽ തീരുമാനെടുത്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സൈറ്റ് പ്ലാൻ നൽകുന്നതിന് സ്ഥലമുടമയോട് അഭ്യർഥിച്ചു. വിദഗ്ധ സംഘം സാധ്യതാപഠനം നടത്തും, അനുകൂല റിപ്പോർട്ട് ലഭിച്ചാൽ സ്ഥലം പഞ്ചായത്തിലേക്ക് എഴുതിവാങ്ങും. എംഎൽഎ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നിർമാണം നടത്തും.
പിതാവ് ഈസാ റാവുത്തറുടെ ഓർമയ്ക്കായിട്ടാണു സ്ഥലം സൗജന്യമായി നൽകുന്നത്. 2015 ലും 2017ലും ഈ നിർദേശം അന്നത്തെ ഭരണസമിതിക്ക് മുൻപിൽ വച്ചതാണ്. എന്നാൽ നടന്നില്ല. ഇപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ ബന്ധപ്പെട്ടപ്പോൾ സന്നദ്ധത അറിയിക്കുകയായിരുന്നു.