കാട്ടുപോത്തിന്റെ ആക്രമണം 2 കർഷകർ മരിച്ചിട്ട് ഒരു വർഷം ; ജലരേഖയായി വാഗ്ദാനങ്ങൾ
കണമല : രണ്ട് കർഷകരെ കാട്ടുപോത്ത് ആക്രമിച്ച് ജീവനെടുത്തതിന്റെ ദുഃഖം ഒരു വർഷമായിട്ടും ഇനിയും കണമലയിൽ നിന്ന് അകന്നിട്ടില്ല. കൊല്ലപ്പെട്ട രണ്ട് പേർക്കും ആദര സൂചകമായി കണമല സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാനയും പ്രാർത്ഥന ചടങ്ങും സംഘടിപ്പിച്ചു . വീട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം നിരവധിപേർ പ്രാർത്ഥന കർമ്മങ്ങളിൽ പങ്കെടുത്തു.
ആ ദുരന്തത്തിന് ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോഴും കാട്ടിൽ നിന്നും നാട്ടിലേക്കുള്ള വന്യ ജീവികളുടെ വരവിന് ഒരു തടസവുമില്ല. ഏത് സമയത്തും കാട്ടാനകളും കാട്ടുപോത്തുകളും കാട്ടുപന്നികളും ഉൾപ്പടെ വന്യ മൃഗങ്ങൾ നാട്ടുകാരുടെ ജീവനെടുക്കാവുന്ന സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നു.
സർക്കാരും വനം വകുപ്പും ജില്ലാ ഭരണകൂടവും അന്ന് നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി. അട്ടിവളവ് പ്ലാവനാക്കുഴി തോമസ് ആന്റണി (63), പുറത്തേൽ ചാക്കോ (70) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് അന്ന് നാട്ടുകാർ 5 മണിക്കൂറിലധികം കണമല ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു. ജില്ലാ കലക്ടറും മന്ത്രിയും സ്ഥലത്ത് എത്തി നാട്ടുകാരുമായി ചർച്ച നടത്തി അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ ജില്ലാ കലക്ടറും മുഖ്യ വനപാലകനും ഉത്തരവ് ഇട്ടിരുന്നു. വന്യജീവി ആക്രമണങ്ങൾക്ക് എതിരെ നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനു ശേഷമാണ് അന്ന് പ്രതിഷേധങ്ങൾ അവസാനിപ്പിച്ചത്.
നടപ്പാക്കാതെ പോയ നിർദേശങ്ങളും വാഗ്ദാനങ്ങളും :-
.∙ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലും.
വനം വകുപ്പ് ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി വനത്തിന്റെ അതിർത്തി മേഖലകളിൽ ആഴ്ചകളോളം നടത്തിയ തിരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
∙ മരണമടഞ്ഞവരുടെ അവകാശികൾക്ക് നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും.:
മരണമടഞ്ഞവർക്ക് സർക്കാർ ധന സഹായമായി 10 ലക്ഷം രൂപ രണ്ട് ഗഡുക്കളായി നൽകി. സാധാരണ വന്യമൃഗ ആക്രമണങ്ങളിൽ ലഭ്യമാക്കുന്ന ധനസഹായം മാത്രമാണ് നൽകിയത്.
കുടുംബത്തിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകണം എന്ന നിർദേശവും നടപ്പായില്ല. സമാന വിധത്തിലുള്ള മറ്റ് വന്യമൃഗ ആക്രമണങ്ങളിൽ വലിയ തുക സർക്കാർ ധനസഹായവും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും നൽകിയിട്ടുണ്ട്.
∙ വന്യമൃഗ ശല്യം തടയുന്നതിന് സൗരോർജ വേലിയും കിടങ്ങുകളും സ്ഥാപിക്കും :
വന്യ മൃഗങ്ങളുടെ ശല്യം ഏറ്റവും കൂടിയ കണമല, കാളകെട്ടി, എരുത്വാപ്പുഴ വനമേഖലയുടെ അതിർത്തികളിൽ സൗരോർജ വേലി പ്രവർത്തന ക്ഷമം അല്ലാത്ത മേഖലകളിൽ ഇത് പ്രവർത്തന ക്ഷമം ആക്കും. ഇല്ലാത്ത സ്ഥലങ്ങളിൽ സൗരോർജ വേലി സ്ഥാപിക്കുമെന്നും ചർച്ചയിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നൽകിയ ഉറപ്പ് യാഥാർഥ്യമായില്ല. ഇപ്പോഴും കണമല, ഏരുത്വാപുഴ അരുവിക്കൽ മേഖലകളിൽ കാട്ടാനക്കൂട്ടത്തിന്റെയും കാട്ടുപോത്തുകളുടെയും ശല്യവും ഭീഷണിയും രൂക്ഷമായി തുടരുന്നു.
കാട്ടുപോത്ത് ആക്രമണത്തിൽ 2 കർഷകർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ഏപ്രിലിൽ തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജുവിനെ (52) വീടിനു സമീപത്തുവച്ച് കാട്ടാന ചവിട്ടി കൊന്നത്. ഈ സംഭവത്തിലും വലിയ ജനകീയ പ്രതിഷേധം നടന്നിരുന്നു.