വനമേഖലയിൽ സ്ഥാപിക്കാൻ 5 ക്യാമറകൾ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രവർത്തകർ വനം വകുപ്പിന് കൈമാറി
എരുമേലി ∙ കനകപ്പലം – വെച്ചൂച്ചിറ വനമേഖലയിൽ സ്ഥാപിക്കുന്നതിനുള്ള 5 ക്യാമറകൾ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രവർത്തകർ വനം വകുപ്പിന് കൈമാറി. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഷാൻട്രി ടോം, റേഞ്ച് ഓഫിസർ ആർ. ഹരികുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ടി.സനൽ രാജ്, കെ.എ. സാജു എന്നിവർ ചേർന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, റാന്നി ചാപ്റ്റർ ചെയർമാൻ ടി.കെ. സാജു എന്നിവരിൽ നിന്നും ക്യാമറകൾ ഏറ്റുവാങ്ങി.
എരുമേലി, പ്ലാച്ചേരി, കനകപ്പലം ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നും ക്യാമറകളുടെ നിരീക്ഷണം നിയന്ത്രിക്കും. പ്രാദേശിക വിജിലൻസ് കമ്മിറ്റിയും നിരീക്ഷിക്കും.മാലിന്യം തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ്, പഞ്ചായത്ത് അംഗം സുനിൽ ചെറിയാൻ, പ്രഫ.മേജർ. എം.ജി.വർഗീസ്, ജോൺ സാമുവൽ, ഐസക്ക് സി വർഗീസ്, ജോൺ വി തോമസ്, കൊച്ചുമോൻ പ്രസാദ്, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു. വനമേഖലയിലെ റോഡ് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി 2.5 കിലോ മീറ്റർ റോഡ് അരികിൽ നിന്ന് കഴിഞ്ഞ ആഴ്ച 52 ടൺ മാലിന്യമാണ് സന്നദ്ധപ്രവർത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും നീക്കം ചെയ്തത്.
നിലവിൽ 10500 രൂപ വിലയുള്ളതും സൗരോർജത്തിൽ പ്രവർത്തിക്കുന്നതുമായ ക്യാമറകളാണ് വിവിധ പോയിന്റുകളിലായി സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 5 പോയിന്റുകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.