കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ …
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴയുണ്ടായാൽ ചാത്തൻപ്ലാപ്പള്ളി, ഞെർക്കാട്, കൂന്തൻപാറ, വള്ളിയാങ്കാവ്, മ്ലാക്കര, കൊടുങ്ങ, ചോലത്തടം എന്നിവിടങ്ങളിൽ മണ്ണിനും പാറയ്ക്കും ഒപ്പം മഴവെള്ളപ്പച്ചിലിനു സാധ്യതയുണ്ട് എന്നാണ് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ 2018 മുതൽ കോട്ടയം ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്. പശ്ചിമഘട്ടത്തോടു ചേർന്നുള്ള കിഴക്കൻ മേഖലകളിലാണ് ഉരുൾപൊട്ടൽ സാധ്യതയേറെ. പ്രദേശത്തെ പാറമടകളോടു ചേർന്ന ഭാഗങ്ങളിലും പാറയിടിഞ്ഞ് വീഴുന്നതിനു സാധ്യതയുണ്ട്. ഈ മേഖലയിൽ മഴ ദിവസങ്ങളോളം തുടർന്നാൽ ഉരുൾപൊട്ടലിനു സാധ്യതയുണ്ട്. എരുമേലി മേഖലയിലെ തെക്കുവടക്കു പ്രദേശത്തെ വനമേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കനത്ത മഴയിൽ ഭൂമിയിൽ സംഭരിക്കുന്ന ജലംസമ്മർദം കാരണം ഉയർന്ന പ്രദേശങ്ങളിലെ മണ്ണും ചരലും പാറയും താഴ്ന്ന പ്രദേശങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഉയർന്ന മേഖലയിൽനിന്നു ഭൂമിക്കടിയിലെ മണ്ണും കല്ലും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളും.
കോട്ടയം ജില്ലയിൽ 19 ഇടങ്ങൾ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളാണ്. 16 ഇടങ്ങളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയെന്ന് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം തീക്കോയിയിൽ പെയ്തത് 114 മില്ലിമീറ്റർ മഴ. മൂന്നിലവ്, തീക്കോയി, തലനാട് പഞ്ചായത്തുകളിലാണ് കനത്ത മഴ പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. മുണ്ടക്കയത്ത് 35.2 , ഈരാറ്റുപേട്ടയിൽ 35, പാമ്പാടിയിൽ 6.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും ഒരു സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. ജില്ലയിൽ ഒരു ദിവസം 192.4 മില്ലിമീറ്റർ മഴ പെയ്തു.
അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഖനന പ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി കലക്ടർ വി.വിഘ്നേശ്വരി ഉത്തരവിറക്കി. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
ജില്ലാ എമർജൻസി
ഓപ്പറേഷൻസ് സെന്റർ: 9446562236,
0481 2566300
കോട്ടയം താലൂക്ക് :
0481 2568007
വൈക്കം താലൂക്ക്:
04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചിൽ താലൂക്ക്:
0482 2212325