ഒരുവട്ടം കൂടി ഓർമ്മകൾ പങ്കുവയ്ക്കാൻ തിരുമുറ്റത്ത് അവർ വീണ്ടും എത്തി
കാഞ്ഞിരപ്പള്ളി : 1983 ൽ വിട ചൊല്ലി പടിയിറങ്ങിയ സതീർത്ഥ്യർ വീണ്ടും സ്കൂൾ തിരുമുറ്റത്ത് സംഗമിച്ചു . ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ 1983 എസ്. എസ്. എൽ. സി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ആണ് കുടുംബസമേതം ഒരുമിച്ചുകൂടിയത്.
പഠനകാലത്തെ പൂർവ്വ കാലസ്മരണകൾ അയവിറക്കുവാൻ ഇവർ മറന്നില്ല. ജീവിതയാത്രയിൽ സ്‌കൂളിൽ നിന്നും പിരിഞ്ഞതിന് ശേഷം പലതവണ കണ്ടുമുട്ടിയവരും, ഒരിക്കലും കാണാത്തവരും ഞായറാഴ്ച കൂവപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ ഒന്നിച്ച് ചേർന്നു. അറിവിന്റെ വെളിച്ചം പകർന്നു തന്ന ഗുരുഭൂതരും ഈ സംഗമത്തിൽ പങ്കുചേർന്നു. സമ്മേളനത്തിനും, സ്നേഹവിരുന്നിനും ശേഷം ഇവർ ഒരുമിച്ച് ഫോട്ടോ എടുക്കുന്നതിനായി മാതൃ വിദ്യാലയത്തിൽ ഒത്തുചേർന്നു. പഠിച്ച ക്ലാസ് റൂമുകളിൽ പഠിപ്പിച്ച അധ്യാപകർക്കൊപ്പം കുറേസമയം ചെലവഴിച്ചു.
ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന ഇവരുടെ സംഗമം മക്കൾക്കും കൊച്ചുമക്കൾക്കും അധ്യാപകർക്കും ഏറെ സന്തോഷപ്രദമായി മാറി. സംഗമത്തിന് സതീർത്ഥ്യരായ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാമ്പൂരിയും, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കലും, ബിജു ജോർജ്ജും മറ്റും നേതൃത്വം നൽകി.