രണ്ടുവയസ്സുകാരി അടച്ചിട്ട മുറിക്കുള്ളിൽ കുടുങ്ങി; അഗ്നിരക്ഷാസേന പാഞ്ഞെത്തി രക്ഷപെടുത്തി
കാഞ്ഞിരപ്പള്ളി ∙ രാത്രി മുറിക്കുള്ളിൽ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു. ഓട്ടോമാറ്റിക് ലോക്ക് വീണതോടെ കതകുതുറക്കാൻ കഴിയാതെ പുറത്തു വീട്ടുകാർ പരിഭ്രാന്തിയിലായി. ജനാലകൾ എല്ലാം അടച്ച മുറിക്കുള്ളിൽ കുട്ടിയുടെ ഒച്ചയും കേൾക്കാതെ വന്നതോടെ ഒടുവിൽ അഗ്നിരക്ഷാസേനയെത്തി പൂട്ടു പൊളിച്ചു കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി. മുറിയ്ക്കുള്ളിൽ കുട്ടി കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്ന കാഴ്ച കണ്ടതോടെ വീട്ടുകാർക്ക് ആശ്വാസമായി.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ സുഖോദയ റോഡിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി പത്തോടെ സംഭവം നടന്നത്. വീട്ടുകാർക്കൊപ്പം ഇരുന്ന കുട്ടി മുറിക്കുള്ളിലേക്കു തനിയെപോയി. അൽപനേരം കഴിഞ്ഞെത്തിയ വീട്ടുകാർ കതക് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടെത്തി. കുട്ടിയെ വിളിച്ചിട്ടും മിണ്ടാത്തതോടെ ഇവർ പരിഭ്രാന്തരായി. പുറത്തിറങ്ങി ജനാലകൾ വഴി നോക്കാൻ ശ്രമിച്ചെങ്കിലും പൂട്ടിയ ജനലുകളിൽ കർട്ടർ ഇട്ടിരുന്നതിനാൽ അകത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി പൂട്ട് പൊളിച്ച് കതകു തുറന്നു.
അകത്തുകയറിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും വീട്ടുകാരും കണ്ട കാഴ്ച കുട്ടി കട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുന്നതാണ്. വീട്ടുകാർ ഉറക്കെ വിളിച്ച് വീടിനു ചുറ്റും നടന്നപ്പോഴും വലിയ ശബ്ദത്തിൽ കതകിന്റെ പൂട്ട് തകർത്തു കൊണ്ടിരുന്ന സമയത്തും ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങിയ കുട്ടിയെ അമ്മ ഓടിയെത്തി കട്ടിലിൽ നിന്നെടുത്തപ്പോൾ ഏവർക്കും ആശ്വാസമായി.
സീനിയർ ഫയർ ഫോഴ്സ് ഓഫിസർ പി.എ.നൗഫലിന്റെ നേതൃത്വത്തിൽ ആനന്ദ് വിജയ്, എം.കെ.സജുമോൻ, എസ്.എസ്.അരവിന്ദ്, ശരത് ചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മൂന്നു വയസ്സുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിലടച്ച സംഭവത്തിലും അഗ്നിരക്ഷാസേന എത്തി പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു.