മല അരയ മഹാസഭ പ്രതിനിധി സമ്മേളനം മുരിക്കുംവയലിൽ
മുണ്ടക്കയം : നവോത്ഥാന പ്രസ്ഥാനമായ മല അരയ മഹാസഭയുടെ പത്തൊൻപതാം വാർഷികപ്രതിനിധിസമ്മേളനം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച നേതൃയോഗവും ഞായറാഴ്ച പ്രതിനിധി സഭായോഗവുമാണ് നടക്കുക.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ൽപരം പ്രതിനിധികൾ പങ്കെടുക്കും.
സഭാ പ്രസിഡൻ്റ് എം.കെ. സജി അധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി.കെ. സജീവ് റിപ്പോർട്ടും ട്രഷറർ എം.ബി. രാജൻ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.
വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ട്രൈബൽ ജനതയുടെ പ്രഥമ കോർപറേറ്റ് മാനേജ്മെന്റാണ് മല അരയ മഹാസഭ 2017 -ൽ കോട്ടയം ജില്ലയിൽ ശ്രീ ശബരീശ ആർട്സ് & സയൻസ് കോളജ് ആരംഭിച്ചു. മല അരയ മഹാസഭ 2021 ൽ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ട്രൈബൽ ആർട്സ് & സയൻസ് കോളേജുകൂടി സ്ഥാപിച്ചതോടെ കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ മണ്ഡലങ്ങളിൽ വൻ കുതിച്ചുചാട്ടമാണു നടത്തിയത്. സഭയുടെ അടുത്ത ലക്ഷ്യം ഇന്ത്യയിൽ ആദ്യത്തെ ട്രൈബൽ സർവകലാശാല സ്ഥാപിക്കുകയെന്നതാണ്.സർവ്വകലാശാലക്കു വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സഭ ആരംഭിച്ചു. സഭാ ആസ്ഥാന മന്ദിരം, ആതുരശുശ്രൂഷ സ്ഥാപനങ്ങൾ, അടക്കം നിരവധി വികസന അജൻഡകൾ 19- ാമത് വാർഷിക സമ്മേളനത്തിൽ ചർച്ചയാകും.