മുക്കൂട്ടുതറയിൽ വയോധികനെ കൊലപ്പെടുത്തിയ മൂകനും ബധിരനുമായ പ്രതി അറസ്റ്റിൽ
എരുമേലി : കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂകനും ബധിരനുമായ ആൾ അറസ്റ്റിൽ. ലോട്ടറി വില്പന തൊഴിലാളിയായിരുന്ന ശ്രീനിപുരം വിളയിൽ ഗോപി (74) ആണ് കൊല്ലപ്പെട്ടത്. ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജ് (48) ആണ് അറസ്റ്റിലായത്.
മൃതദേഹത്തിന് അരികിൽ നിന്നും പ്രതിയുടെ ഷർട്ടും ചെരിപ്പും ലഭിച്ചിരുന്നു. മൃതദേഹം കിടന്നിരുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കടത്തിണ്ണയുടെ സമീപത്ത് ഭിത്തിയിൽ പ്രതി സ്വന്തം മേൽവിലാസം എഴുതി വെച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം വെച്ചൂച്ചിറ പോലിസ് സ്റ്റേഷനിൽ പ്രതി എത്തി കുറ്റസമ്മതം നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും പ്രതി മനോജ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിക്കുകയും ചെയ്‌തെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി പോലിസ് എസ്എച്ച്ഒ ജോസി, എസ് ഐ പി വി ബിജു എന്നിവർ പറഞ്ഞു.
പ്രതി സംസാര ശേഷിയും കേഴ്‌വി ശക്തിയും ഇല്ലാത്ത ആൾ ആയതിനാൽ പ്രതിയുടെ കുറ്റസമ്മതം പ്രതിയെ കൊണ്ട് പോലിസ് എഴുതി വാങ്ങുകയായിരുന്നു. മുൻ വിരോധം ആണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്ന് കുറ്റസമ്മത മൊഴിയിൽ പറയുന്നു. പ്രതി സ്വവർഗ അനുരാഗി ആണെന്ന് വയോധികൻ പലരോടും പറഞ്ഞതാണ് വിരോധത്തിന് കാരണം. മദ്യ ലഹരിയിൽ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വയോധികനെ കല്ല് കൊണ്ട് തലയുടെ പിന്നിൽ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.