ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

മുണ്ടക്കയം :മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പരിധിയിലെ ട്രാഫിക് ക്രമീകരണങ്ങൾ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഖാദാസിന്റെ അദ്ധ്യക്ഷതിയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു.

ബസ് സ്റ്റാന്റിലെ ട്രാഫിക് തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു. ബസ്സുകൾ പാർക്കിംഗ് സ്ഥലത്തുനിന്നും പുറപ്പെട്ടാൽ റൺവേയിൽ രണ്ട് മിനിറ്റിൽ കൂടുതൽ നിർത്തിയിടാൻ
പാടില്ലാത്തതാണെന്നും ഒരേ സമയം രണ്ട് ബസിൽ കൂടുതൽ റൺവേയിൽ കിടക്കാൻ പാടില്ല എന്നും തീരുമാനിച്ചു. ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകൾ വെയിറ്റിംഗ് ഷെഡിനു മുൻപിലായി ഇടാൻ പാടില്ല എന്ന് തീരുമാനിച്ചു. വിദ്യാർത്ഥികളെ ബസിൽ
കയറ്റുന്നതിൽ വിവേചനം കാണിക്കരുതെന്ന് ബസ് ഉടമകൾക്ക് നിർദ്ദേശം നൽകി. റ്റി ബി ജംഗ്ഷനിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിലെ പാർക്കിംഗ് നിരോധിച്ചു. ദേശീയപാതയുടെ ഇരുവശങ്ങളിലും അനധികൃത പാർക്കിംഗ്, പാതയോരങ്ങൾ കയ്യേറിയുള്ള
കച്ചവടം എന്നിവ കർശനമായി നിരോധിച്ചു. ക്രോസ്സ് വേ കവല മുതൽ വരിക്കാനി കവല വരെ വാഹന പാർക്കിംഗ്, കച്ചവടസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്, റോഡ് കയ്യേറി കച്ചവടം നടത്തുന്നത്, ഗതാഗത തടസ്സമായി വാഹനങ്ങൾ റിപ്പയർ ചെയ്യുന്നത് എന്നിവ നിരോധിച്ചു.
സീബ്രാ ലൈൻ കൃത്യമായി മാർക്ക് ചെയ്ത് നൽകുന്നതിന് ദേശീയപാതാ വിഭാഗത്തിനു നിർദ്ദേശം നൽകി. മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ സി എം എസ് സകൂളിന്റെ മുൻവശത്ത് നിന്ന് കെ കെ റോഡിലേക്കുള്ള നടപ്പാതയിൽ സ്കൂൾ സമയത്ത് വാഹതഗതാഗതത്തിന്
നിരോധനം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ പതിവായി മോണിറ്റർ ചെയ്യാൻ പോലീസ്, വാഹന ഗതാഗത വകുപ്പ്, ദേശീയപാത അതോറിറ്റി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ട്രാഫിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാമ്മ ഡോമിനിക്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ സി വി, വിവിധ വാർഡിലെ ജനപ്രതിനിധികൾ, മോട്ടോർ
വെഹിക്കിൾ ഇൻസ്പെക്ടർ ഹഫീസ് മുഹമ്മദ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യാഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ബസ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!