പശുക്കളെ മോഷ്ടിച്ചു കടത്തുന്നു ; ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ മേയാൻ വിടുന്ന പശുക്കളെ കാണാതാകുന്നു
മുണ്ടക്കയം ഇൗസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ നിന്നു പശുക്കളെ മോഷ്ടിച്ചു കടത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ചെന്നാപ്പാറ കല്ലുപുറത്ത് സുധാകരന്റെ രണ്ട് പശുക്കളെ കഴിഞ്ഞ ദിവസം കാണാതായ സംഭവത്തിൽ അന്വേഷണം നടത്തിയതോടെ എസ്റ്റേറ്റിലെ പലരുടെയും പശുക്കളെ കാണാനില്ലെന്നു കണ്ടെത്തി.
എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന ആളുകളുടെ മറ്റൊരു വരുമാന മാർഗമാണ് പശു വളർത്തൽ. റബർത്തോട്ടങ്ങളിൽ പകൽ സമയങ്ങളിൽ മേയാൻ വിടുന്ന പശുക്കൾ വീടുകളിൽ തിരികെ എത്തുന്നില്ല എന്നത് തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. 2 വർഷം മുൻപ് ഇത്തരത്തിൽ പശു മോഷണം നടക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എസ്റ്റേറ്റിനുള്ളിൽ അഴിച്ചു വിടുന്ന പശുക്കൾ പലപ്പോഴും മൂന്നും നാലും ദിവസങ്ങൾക്കു ശേഷമാണ് വീടുകളിൽ തിരിച്ചെത്തുന്നത്. തീറ്റ തിന്ന ശേഷം രാത്രി കാലങ്ങളിൽ എസ്റ്റേറ്റിനുള്ളിൽ തന്നെ പശുക്കൾ കൂട്ടമായി കിടക്കുകയാണ് പതിവ്. ഇത്തരത്തിൽ മേഞ്ഞു നടക്കുന്ന പശുക്കളെ മിനി ലോറിയിൽ എത്തി കയറ്റിക്കൊണ്ടു പോകുന്നതാണ് മോഷണ രീതി.
കടുവ, പുലി പോലെയുള്ള മൃഗങ്ങളുടെ ശല്യം വ്യാപകമായ പ്രദേശത്ത് മുൻപ് 30 പശുക്കളെ കടിച്ചു കീറി കൊന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വന്യമൃഗങ്ങൾ പശുക്കളെ ആക്രമിച്ചാൽ തന്നെ അതിന്റെ ശരീര അവശിഷ്ടങ്ങൾ എസ്റ്റേറ്റിനുള്ളിൽ നിന്നു കണ്ടെത്തുകയാണു പതിവ്. എന്നാൽ കാണാതായ പശുക്കളെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിൽ റോഡുകളിൽ പൊലീസ് പരിശോധന നടത്തണം.