കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി പടരുന്നു.. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച 77 പേർ ചികിത്സ തേടി.
കാഞ്ഞിരപ്പള്ളി ∙ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വൈറൽ പനി പടരുന്നു. ഇതിനിടെ ഭീതി പരത്തി ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. വേനൽച്ചൂടിനു പിന്നാലെ മഴയും എത്തിയതോടെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണം. ഒപ്പം മലയോര മേഖലയിലെ തോട്ടങ്ങൾ ഏറെയുള്ള സ്ഥലത്ത് കൊതുകിന്റെ സാന്ദ്രത വർധിച്ചതും ഡെങ്കി പനി സാധ്യത വർധിപ്പിക്കുന്നു.
മൂന്നു ദിവസത്തിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്ന് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം ഇതോടെ 77 ആയി. ഞായറാഴ്ച രണ്ട് പേർക്കും, ഇന്നലെ ഒരാൾക്കുമാണ് ഒടുവിലായി ഡെങ്കിപ്പനി കണ്ടെത്തിയത്. കടുത്ത പനി, പേശീവേദന, ശരീര വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൊതുകുകൾ പടർത്തുന്ന പനി ആയതിനാൽ പനി ബാധിത പ്രദേശങ്ങളിൽ കൊതുകു പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടു ദിവസത്തിനിടെ 104 ആളുകളാണ് വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിലും അധികമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇതിൽ മുപ്പത് ശതമാനവും കൊച്ചു കുട്ടികൾക്കാണ് പനി ബാധിച്ചിരിക്കുന്നത്. സ്കൂൾ തുറന്നതോടെ ഇതു കൂടുതലായി വ്യാപിക്കാൻ സാധ്യതയുണ്ട്. പനി ലക്ഷണം ഉള്ളപ്പോൾ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിൽ ചികിത്സ തേടണം എന്നാണ് ഡോക്ടർമാർ നൽകുന്ന നിർദേശം.
റബർ എസ്റ്റേറ്റുകളും കൃഷിയിടങ്ങളും ഏറെയുള്ള മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുകയാണ്. ടൗൺ പ്രദേശങ്ങളിൽ മാലിന്യ നിർമാർജനം കാര്യമായി നടക്കാത്തതും കൊതുകുകൾ പെരുകാൻ കാരണമായി. പഞ്ചായത്ത് തലത്തിൽ ഫോഗിങ് നടത്താനുള്ള നടപടികളും ആലോചിച്ചു തുടങ്ങി. റബർ തോട്ടങ്ങളിൽ ടാപ്പിങ് നടക്കുന്നില്ല എങ്കിൽ ചിരട്ടകൾ കമഴ്ത്തി വയ്ക്കുക, പുരയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും വെള്ളം കെട്ടി കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര ശുചീകരണം ഉറപ്പാക്കുക തുടങ്ങിയ സ്വയം പ്രതിരോധ മാർഗങ്ങൾ മാത്രമാണ് രോഗം പടരാതിരിക്കാൻ ഏക വഴി.