മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് മൂന്നു തവണ ; ഇടതുപാളയത്ത് തിരിച്ചു വരുന്നത് 39 വര്‍ഷത്തിന് ശേഷം
ഹൃസ്വകാല രാഷ്ട്രീയാഭയം തേടിയാണ് എതിര്‍പാളയത്തില്‍ ഇടം തേടി പോകാറുണ്ടായിരുന്നതെങ്കിലും കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കങ്ങള്‍ കേരളാ രാഷ്ട്രീയത്തില്‍ എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. കേരള രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ഹൃസ്വകാല പിണക്കങ്ങള്‍ നടത്തിയിരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ ഇത്തവണത്തെ പിണക്കം ഗൗരവമുള്ളതായിട്ടാണ് വിലയിരുത്തുന്നത്.
39 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് മാണി വിഭാഗം കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇടതു പാളയത്തില്‍ എത്തുമ്പോള്‍ മുന്നണിമാറ്റത്തിന്റെ ചരിത്രത്തില്‍ കേരളാകോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിടുന്നത് ഇത് മൂന്നാം തവണ. 1981 ഒക്‌ടോബര്‍ 20 ന് ആദ്യ നയനാര്‍ മന്ത്രിസഭയ്ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചു കൊണ്ട് എല്‍ഡിഎഫില്‍ നിന്നും ഇറങ്ങിപ്പോയ കെ എം മാണി പിന്നീട് കുഞ്ഞുകുഞ്ഞു കലഹങ്ങള്‍ നടത്തിയെങ്കിലൂം ഭീഷണി ഉയര്‍ത്തി യുഡിഎഫിനെ ഭയപ്പെടുത്തുന്നതില്‍ മാത്രം അവസാനിപ്പിച്ചിരുന്നു.
യുഡിഎഫുമായുള്ള ആദ്യ പിണക്കം
ഇപ്പോഴത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഭാഗമായ പല മുന്നണികളിലും പങ്കാളിയായിട്ടുണ്ടെങ്കിലും യുഡിഎഫ് വിടുന്ന പതിവ് കെ എം മാണി ആദ്യം നടത്തിയത് 1979 മുതലാണ്. പിന്നീട് അത് ചരിത്രത്തില്‍ പല തവണ ആവര്‍ത്തിക്കപ്പെട്ടു. ജൂലൈയില്‍ കേരളാകോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു യുഡിഎഫ് ക്യാമ്പ് പരസ്യമായി വിടാനുള്ള ആദ്യ കാരണം. ടി എസ് ജോണിനെ പി.കെ. വി മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായിരുന്നു കാരണം.
1979 നവംബര്‍ 14 ന് ഇടതുപക്ഷത്ത് എത്തിയ മാണി സിപിഎമ്മുമായി സഹകരിച്ചു. 1980 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ സിപിഎം പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം അധികാരത്തിലുമെത്തി. എന്നാല്‍ ഈ സൗഹൃദത്തിന് ഹൃസ്വകാല ആയുസ്സായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കസേരയിളക്കാന്‍ ഒരു വര്‍ഷമേ വേണ്ടി വന്നുള്ളൂ. 1981 ഒക്‌ടോബര്‍ 20 ന് കെ എം മാണി നയനാര്‍ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചു മാണി യുഡിഎഫിലേക്ക് തിരിച്ചുപോയി.
കെ എം മാണി വീണ്ടും യുഡിഎഫിനെ തള്ളിപ്പറയുന്നു
2016 ഓഗസ്റ്റില്‍ കെ എം മാണി വീണ്ടും യുഡിഎഫിനെ തള്ളിപ്പറഞ്ഞു. ദേശീയ തലത്തില്‍ യുപിഎയ്ക്ക് പിന്തുണ നല്‍കിയെങ്കിലും നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായി ഇരുന്നു. എന്നാല്‍ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി കൈകോര്‍ത്തു. കെ എം മാണി ഇടതുപക്ഷത്തേക്ക് വീഴുന്നു എന്ന തോന്നല്‍ ഉളവാക്കിയെങ്കിലും 2018 ജൂണ്‍ 8 ന് അദ്ദേഹം വീണ്ടും യുഡിഎഫുമായുള്ള പിണക്കം മറന്നു.
മൂന്നാം കലഹം
കോട്ടയം ലോക്‌സഭാ സീറ്റിനെ ചൊല്ലി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ മൂന്നാംകലഹമാണ് ഇപ്പോള്‍ സീരിയസ്സായി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചതോടെ തര്‍ക്കം രൂക്ഷമായി മാറിയത്. ലോക്‌സഭയിലേക്ക മത്സരിക്കാന്‍ ആഗ്രഹിച്ച പിജെ ജോസഫിനെ തള്ളിക്കൊണ്ട് ചാഴിക്കാടനെ ജോസ് നിര്‍ത്തിയത് മുതല്‍ തുടങ്ങി പോര്. ജോസിനെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ജോസഫും ജോസഫിനെ അംഗീകരിക്കാന്‍ ജോസും തയ്യാറാകാതെ വന്നതോടെ പ്രശ്‌നം രൂക്ഷമായി. പാലായിലെ തോല്‍വിയും പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഏറ്റവും കാരണമായിരിക്കുന്നത്.
യുഡിഎഫില്‍ രണ്ടു പാര്‍ട്ടിയായി തിരിഞ്ഞ് ജോസും ജോസഫും പാലാ ഉപതെരഞ്ഞെടുപ്പോടെ പൂര്‍ണ്ണമായി തെറ്റി. ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ രണ്ടില ഇല്ലാതെ മത്സരിച്ച ജോസിന്റെ സ്ഥാനര്‍ത്ഥി ജോസ് ടോം വന്‍ തോല്‍വി ഏറ്റുവാങ്ങി. കയ്യിലിരുന്ന പാലാ പോയതോടെ രണ്ടു കൂട്ടരും യുഡിഎഫില്‍ അനഭിമതരായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവുമായുള്ള തര്‍ക്കം ജൂണ്‍ 29 ന് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചു.
കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ഇങ്ങിനെയെല്ലാം
1969 ല്‍ കോണ്‍ഗ്രസ് പുറത്തു നിന്നും പിന്തുണച്ച സി അച്യൂതമേനോന്‍ സര്‍ക്കാരിന്റെ ഭാഗമായിക്കൊണ്ട് മുന്നണി രാഷ്ട്രീയത്തിലേക്ക് കേരളാകോണ്‍ഗ്രസ് ആദ്യം പ്രവേശിക്കുമ്പോള്‍ അഞ്ചു വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ ഇടതുപക്ഷത്തെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ സിപിഐ യും യുഡിഎഫിലെ ശക്തിദുര്‍ഗ്ഗമായ ലീഗും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമായിരുന്നു അന്ന് കേരളാ കോണ്‍ഗ്രസും. 1964 ല്‍ രൂപം കൊണ്ട കേരളാകോണ്‍ഗ്രസിന്റെ ആദ്യ പ്രതിനിധിയായത് കെ എം ജോര്‍ജ്ജായിരുന്നു. എന്നാല്‍ 1970 ല്‍ ഈ മുന്നണി വിട്ടു. 1971 ല്‍ ലോക്‌സഭയിലേക്ക്് കേരളാകോണ്‍ഗ്രസ് ഐക്യമുന്നണിയായി സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു.
ആദ്യം ഐക്യമുന്നണിയുടെ ഭാഗമാകുന്നത് 1977 ല്‍
1977 ല്‍ ആയിരുന്നു മാണിഗ്രൂപ്പ് ആദ്യമായി ഐക്യമുന്നണിയുടെ ഭാഗമായത്. 1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത് കേരളാ കോണ്‍ഗ്രസ് അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായി. കെ എം മാണിയും ബാലകൃഷ്ണ പിള്ളയുമായിരുന്നു മന്ത്രിമാര്‍. 1977 ല്‍ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പ് തിരിഞ്ഞതോടെ ആര്‍ ബാലകൃഷ്ണപിള്ള ഇടതിലേക്ക് പോയപ്പോള്‍ കെ എം മാണി ഐക്യമുന്നണിയില്‍ ചേക്കേറി.
കേരളാകോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ് ജോസഫ് ഐക്യമുന്നണിയിലും മാണി ഇടതിലും
കേരളാ കോണ്‍ഗ്രസ് 1979 ല്‍ മാണിയും ജോസഫുമായി വേര്‍പിരിഞ്ഞതോടെ മാണി ഇടതുപക്ഷത്തേക്ക് പോയപ്പോള്‍ ജോസഫ് യുഡിഎഫില്‍ നിന്നു. പിന്നീട് ഇടതു സര്‍ക്കാരിനെ വീഴ്ത്തി മാണി വീണ്ടും യുഡിഎഫിന്റെ പാളയത്തില്‍ എത്തിയപ്പോള്‍ മാണിയും ജോസഫും ഐക്യ മുന്നണിയില്‍ രണ്ടു ഗ്രൂപ്പായി നില കൊണ്ടു.
ജോസഫ് ഇടതുപാളയത്തേക്ക് ചേക്കേറിയപ്പോള്‍ മാണി ഐക്യമുന്നണിയില്‍ തിരിച്ചെത്തി
പിന്നീട് 1989 ലെ സീറ്റു തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ജോസഫ് വിഭാഗം യുഡിഎഫ് വിടുകയും മൂവാറ്റു പുഴയില്‍ സ്വത്രന്തനായി മത്സരിക്കുകയും ചെയ്തു. മത്സരത്തില്‍ തോറ്റു പോയതിന് പിന്നാലെ 1991 ഏപ്രില്‍ 13 ന് ജോസഫ് എല്‍ഡിഎഫില്‍ ചേക്കേറി. പിന്നീട് തിരിച്ചുവന്നത് 19 വര്‍ഷത്തിന് ശേഷം 2010 ല്‍ മാണിയുടെ കേരളാകോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ്. 2011, 2016 നിയമസഭാ സീറ്റുകളില്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ്.