ശക്തമായ കാറ്റിൽ വീട് തകർന്നു: കൃഷി നാശം; വൈദ്യുതി പോസ്റ്റ് വീണ് റോഡിൽ ഗതാഗതം മുടങ്ങി.
എരുമേലി. പെട്ടെന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും വിവിധ ഇടങ്ങളിൽ വ്യാപക നാശം. എരുമേലി – മുക്കട റോഡിലെ വനപാതയിൽ വൈദ്യുതി പോസ്റ്റ് തകർന്ന് റോഡിൽ വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.
കിഴക്കൻ മേഖലയിലാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത്. അഴുതമുന്നി കല്ലമ്മാക്കൽ ജോസിന്റെ വീടിനു മുകളിലേക്ക് മരം വീണു. ജോസിന്റെ അമ്പതോളം റബർ മരങ്ങൾ കാറ്റിൽ നശിച്ചു. ഇവിടെത്തന്നെയുള്ള വിശ്വകർമ പ്രാർത്ഥനാ മന്ദിരത്തിനും മരം വീണ് നാശനഷ്ടമുണ്ടായി.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കനത്ത കാറ്റും മഴയും ഉണ്ടായത്. നിരവധിപേരുടെ കൃഷികൾ നശിച്ചു. റബർ മരങ്ങളാണ് ഏറെയും നശിച്ചത്. എരുമേലി – മുക്കട റോഡിലെ കരിമ്പിൻ തോട്ടിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് എരുമേലി പോലിസ് എത്തി ഗതാഗതം ചെറുവള്ളി എസ്റ്റേറ്റ് റോഡിലൂടെ വഴി തിരിച്ചു വിട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും മണിമല കെഎസ്ഇബി സെക്ഷൻ ജീവനക്കാരും ചേർന്ന് പൊട്ടി വീണ വൈദ്യുതി ലൈനുകളും പോസ്റ്റും നീക്കി.