കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എക്സ്റേ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ മാസങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന എക്സ്റേ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
പുതിയ ദന്തവിഭാഗം എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനവും ഇതോടൊപ്പം ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം.ജോൺ, ബി. രവീന്ദ്രൻ നായർ, ലതാ ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ശ്രീജിത്ത്, മിനി സേതുനാഥ്, രഞ്ജിനി ബേബി, വാർഡംഗം ആന്റണി മാർട്ടിൻ, ബിഡിഒ പി.എൻ.സുജിത്ത്, സൂപ്രണ്ട് സാവൻ സാറാ മാത്യു, നഴ്സിങ് സൂപ്രണ്ട് സെലിൻ കെ.ജോസഫ് ആശുപത്രി വികസന സമിതിയംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. മാസങ്ങൾക്കു മുൻപ് എക്സ്റേ മെഷീൻ തകരാറിലായതിനെ തുടർന്നാണു യൂണിറ്റ് പ്രവർത്തനരഹിതമായത്.
പിന്നീടു 2 മാസം മുൻപു വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ പുതിയ ഡിജിറ്റൽ മെഷീൻ വാങ്ങി സ്ഥാപിച്ചെങ്കിലും ശീതീകരണ സംവിധാനം ഏർപ്പെടുത്താത്തതിനെത്തുടർന്ന് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല.
പുതിയ ഡിജിറ്റൽ എക്സ്റേ മെഷീൻ പ്രവർത്തിപ്പിക്കാൻ ശീതീകരണം ആവശ്യമാണ്. വാഴൂർ ബ്ലോക്ക് പഞ്ചായത്തു മുൻകൈയെടുത്താണു മെഷീനും എസിയും ഉൾപ്പെടെ വാങ്ങി എക്സ്റേ ലാബ് സജ്ജമാക്കിയത്. പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം സ്ഥിതി ചെയ്യുന്ന ഒന്നാമത്തെ നിലയിലാണു എക്സ്റേ വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ജനറൽ ആശുപത്രിയിൽ ദിനംപ്രതി ആയിരത്തിലധികം ആളുകളാണു ചികിത്സ തേടി എത്തുന്നത്. ഇവരിൽ ദിവസവും നൂറിലധികം ആളുകളുടെ എക്സ്റേ എടുത്തു വന്നിരുന്ന യൂണിറ്റ് പ്രവർത്തിക്കാതെ വന്നതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.