കാഞ്ഞിരപ്പള്ളിക്ക് അഭിമാനം ; ഹംഗറിയുടെ ദേശീയ ട്വന്റി 20 ക്രിക്കറ്റ് ടീമിൽ കാഞ്ഞിരപ്പള്ളിക്കാരനും.
കാഞ്ഞിരപ്പള്ളി : 2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള യൂറോപ്യൻ ക്വാളിഫയർ മത്സരം കളിക്കുന്ന ഹംഗറി ടീമിൽ കാഞ്ഞിരപ്പള്ളിക്കാരൻ ഇടം പിടിച്ചെന്ന വാർത്ത നാടിന് അഭിമാനമാവുകയാണ് . കാഞ്ഞിരപ്പള്ളി വഞ്ചിമലയിലെ കളപ്പുരയ്ക്കൽ വീട്ടിൽ അമൽ ജേക്കബ് ആണ് ആ മിന്നും താരം. ഇന്ത്യൻ വ്യോമസേനയിൽ നിന്നു വിരമിച്ച ഓണററി ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.ജെ.ജേക്കബിന്റെയും മേഴ്സി ജേക്കബിന്റെയും മകനാണ് അമൽ.
ബാഡ്മിന്റൺ കളിയിൽ നിന്നാണ് ക്രിക്കറ്റ് രംഗത്തേക്ക് അമൽ എത്തുന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബി.ടെക് നേടിയ അമൽ ബെംഗളൂരു ഐ.സി.സി.യിൽ ഐ.ടി.മേഖലയിൽ ജോലി ചെയ്യവേ ബാഡ്മിന്റണിലായിരുന്നു ശോഭിച്ചത്. 2019-ലാണ് ഹംഗറിയിൽ ഐ.ടി.മേഖലയിൽ ജോലിയിൽ പ്രവേശിച്ചത്. നിലവിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഐടി എൻജിനീയറാണ് അമൽ. ഇഷ്ട കായിക ഇനമായ ബാഡ്മിന്റനോടു വിട പറഞ്ഞു 3 വർഷം മുൻപാണു 30കാരനായ അമൽ ക്രിക്കറ്റിനോടു കൂട്ടു കൂടുന്നത്. സ്കൂൾ, കോളജ് സമയത്തും ജോലി ചെയ്യുന്ന കാലത്തുമെല്ലാം ബാഡ്മിന്റൻ കളിച്ചിരുന്ന അമൽ ഹംഗറിയിൽ എത്തിയ ശേഷവും ബാഡ്മിന്റൻ കളി തുടർന്നു പോന്നു. 3 വർഷം മുൻപ് ക്രിക്കറ്റിലേക്കു തിരിഞ്ഞ ശേഷം ഹംഗറിയിലെ കോബ്രാ ക്രിക്കറ്റ് ക്ലബ്ബിൽ അംഗമായി. തുടർന്ന് യൂറോപ്യൻ ക്രിക്കറ്റ് ലീഗിൽ ഹംഗറിയിലെ പ്രതിനിധീകരിച്ചു കോബ്ര ടീമിനു മത്സരിക്കാൻ അവസരം കിട്ടി. അവിടെ മികച്ച പ്രകടനം കാഴ്ച വച്ചതോടെ അമലിനു ഹംഗറി ദേശീയ ടീമിൽ ഇടവും ലഭിച്ചു.
വലംകയ്യൻ ബാറ്ററും ലെഫ്റ്റ് ആം ഓർത്തഡോക്സ് ബോളറുമാണ് അമൽ. ജൂൺ 9നു ഐസിസി യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് എതിരെ കളിച്ചു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അമൽ 3 മത്സരങ്ങളിൽ നിന്നു 28 റൺസും ഒരു വിക്കറ്റും ഇതു വരെ നേടി.
അമലിന്റെ സഹോദരി കരോളിൻ ജേക്കബ് പുണെയിൽ ജോൺ ഡീർ കമ്പനിയിൽ ഓട്ടോമേഷൻ എൻജിനീയറും ഭർത്താവ് ജോമൽ മേച്ചേരിൽ ഇതേ കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റുമാണ്.
ട്രാവൽ വ്‌ളോഗിലൂടെയും അമൽ ശ്രദ്ധേയനാണ്. വിവിധ രാഷ്ട്രങ്ങളിലൂടെയുള്ള സഞ്ചാര വീഡിയോകൾ അമലിന്റെ എജെട്രാവലോഗ് എന്ന യൂടൂബ് ചാനലിലൂടെ നിരവധി കാഴ്ചക്കാരെ നേടുന്നതാണ്.