പൊൻകുന്നത്തെ കാർഷിക വിപണനകേന്ദ്രം ; ഉദ്ഘാടനം നടന്നിട്ട് നാലു വർഷത്തിന് ശേഷവും തുറന്ന് കൊടുത്തിട്ടില്ല ..
പൊൻകുന്നം : പൊൻകുന്നത്തെ കാർഷിക വിപണനകേന്ദ്രം ഉദ്ഘാടനം നടന്നിട്ട് നാലു വർഷത്തിന് ശേഷവും തുറന്നു കൊടുക്കാൻ നടപടിയില്ല. നിർമ്മാണം പൂർത്തീകരിച്ചിട്ടുമില്ല .
2018ൽ നിർമാണം ആരംഭിച്ച കെട്ടിടം 2020ൽ നിർമാണം പൂർത്തീകരിക്കും മുൻപേ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്ഘാടനം നടത്തുകയായിരുന്നു. പഴയ പഞ്ചായത്ത് വ്യാപാര സമുച്ചയങ്ങൾ പൊളിച്ചു കളഞ്ഞ ശേഷമാണ് പുതിയ കെട്ടിടം നിർമിച്ചത്.
മൂന്നു നിലകളിലായി 25,900 ചതുരശ്രയടി വിസ്തീർണത്തിൽ ആയിരുന്നു നിർമാണം. 5 കോടി രൂപയുടെ പദ്ധതിയിൽ 52 മുറികളും വിശാലമായ പാർക്കിങ് സൗകര്യവും ഉൾപ്പെടെയാണ് നിർമിക്കാൻ ഉദ്ദേശിച്ചത്.
നിർമാണം പൂർത്തീകരിക്കാതെ വന്നതോടെ കെട്ടിടത്തിന്റെ മിക്ക മുറികളിലും വെള്ളം കെട്ടി കിടക്കുകയാണ്. വയറിങ്ങുകളും നശിച്ചു. ചിലയിടങ്ങളിൽ മാത്രം തറയിൽ ടൈൽ പാകിയിരുന്നു. ഇവയും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഷട്ടറുകൾ തുരുമ്പെടുത്ത നിലയിലാണ്.
ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി പാഴായി പോകാതിരിക്കാൻ കെട്ടിടം നിർമാണം പൂർത്തീകരിച്ച് തുറന്നു കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.