വളവിലെ കുഴി അപകടക്കെണി
മുണ്ടക്കയം ∙ ദേശീയപാതയിൽ വളവിലെ കുഴികൾ അപകട സാധ്യത വർധിപ്പിക്കുന്നു. 31–ാം മൈലിലെ പ്രധാന അപകട വളവിലാണ് ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ കുഴി കാണാനാകാതെ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നതു പതിവായി.
ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുള്ള വളവാണിത്. വാഹനങ്ങളുടെ അമിത വേഗമായിരുന്നു മിക്കവാറും അപകടങ്ങൾക്കു കാരണമായത്. റോഡരികിൽ വെള്ളം ഓടയിലൂടെ ശരിയായ രീതിയിൽ ഒഴുകിപ്പോകാത്തതിനാൽ റോഡിലൂടെ നിരന്ന് ഒഴുകുകയാണ് പതിവ്. ഇതാണ് റോഡിൽ കുഴി രൂപപ്പെടാൻ പ്രധാന കാരണം. മുൻപും ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടപ്പോൾ നാട്ടുകാർ തന്നെ മണ്ണിട്ട് അപകട സാധ്യത ഒഴിവാക്കിയിട്ടുണ്ട്. മഴക്കാലമായതിനാൽ കുഴി ടാറിങ് നടത്തി നികത്തിയില്ലെങ്കിൽ അപകടങ്ങൾ വർധിക്കും. അതുകൊണ്ടു തന്നെ അധികൃതർ അതിവേഗം നടപടി സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.