പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രിക്ക് നിവേദനം നൽകി .

മുണ്ടക്കയം : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് ഉൾപ്പെടെ ഉന്നത വിജയം നേടിയ നിരവധി വിദ്യാർത്ഥികൾക്കാണ് മതിയായ സീറ്റുകൾ ഇല്ലാത്തതിനാൽ ഇത്തവണ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വന്നിരിക്കുന്നത്. ഈ ആശങ്കാജനമായ സാഹചര്യം കണക്കിലെടുത്ത്, അതിനൊരു പരിഹാരം കാണുവാൻ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നിട്ടിറങ്ങി .

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയും, ഹയർസെക്കൻഡറി സ്കൂളുകൾ പരിമിതമാണെന്നതും, നിലവിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ വേണ്ടത്ര ബാച്ചുകൾ ഇല്ല എന്നുള്ളതും പരിഗണിച്ച് പൂഞ്ഞാർ നിയോജകമണ്ഡലം ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 20% വർദ്ധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകി.

പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് ഉൾപ്പെടെ ഉന്നത വിജയം നേടിയ നിരവധി വിദ്യാർത്ഥികൾക്കാണ് മതിയായ സീറ്റുകൾ ഇല്ലാത്തതിനാൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വന്നിരിക്കുന്നത്. മലയോര മേഖലയും, വനമേഖലയും ഒക്കെ ഉൾപ്പെടെയുള്ള പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് അധിക ദൂരം യാത്ര യാത്ര ചെയ്ത് സ്കൂളിൽ പോകുന്നതിന് പ്രായോഗികമായി പരിമിതികളുണ്ട്. ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് പോലും പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്തത് മാതാപിതാക്കളെയടക്കം ആശങ്കപ്പെടുത്തിയിരിക്കുകയാണ്. താരതമ്യേന ഹയർസെക്കൻഡറി സ്കൂളുകൾ കുറവുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാത്ത പക്ഷം നിരവധി കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് നിവേദനം നൽകിയതെന്ന് എംഎൽഎ പറഞ്ഞു.

error: Content is protected !!