കനത്ത മഴയും കാറ്റും ; വ്യാപക നാശം , മരംവീണ് വീടുകൾ തകർന്നു, ഗതാഗതം തടസ്സപ്പെട്ടു, കൃഷി നാശം

കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ മലയോര മേഖലയിൽ കനത്ത നാശം. കപ്പാട് തോമ്പലാടി പൈനാപ്പള്ളിൽ അജിമോന്റെ വീടിനു മുകളിലേക്കു കാറ്റിൽ മരം ഒടിഞ്ഞു വീണു വീടിന്റെ മേൽക്കൂരയ്ക്കു നാശമുണ്ടായി. തിങ്കളാഴ്ച രാത്രിയുണ്ടായ മഴയിൽ കാഞ്ഞിരപ്പള്ളി–എരുമേലി റോഡിൽ കൊരട്ടി അമ്പലം ഭാഗത്തു മരം കടപുഴകി റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. പെരുവന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും കാറ്റിൽ വ്യാപക നാശനഷ്ടം. പെരുവന്താനം പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫിസിന്റെ മേൽക്കൂര തകർന്നു. ജീവനക്കാർ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

മുളംകുന്ന് പുറക്കാട് സാജന്റെ വീടിന്റെ മേൽക്കൂര പൂർണമായും കാറ്റിൽ തകർന്നു. വീട് വാസയോഗ്യമല്ലാതായി. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും മഴയിൽ നശിച്ചു. പാരിസൺ എസ്റ്റേറ്റിൽ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞു വീണ് നാശനഷ്ടം ഉണ്ടായി. രാവിലെ 11 മണിയോടെയാണ് ബോയ്സ് എസ്റ്റേറ്റിന്റെ പല ഭാഗത്തായി കാറ്റ് നാശം വിതച്ചത്.

പാലൂർക്കാവ് മേഖലയിൽ വീശിയടിച്ച കാറ്റിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പാലൂർക്കാവ് ഓലിക്കൽ ചന്ദ്രദാസ്, ചേലക്കാട്ട് ഗോപിക്കുട്ടൻ, ഓലിക്കൽ സുരേഷ്, കളത്തിനാനിക്കൽ മേരി എന്നിവരുടെ വീടുകളുടെ മേൽക്കൂര കാറ്റിൽ നശിച്ചു. വ്യാപകമായി കൃഷിനാശവും ഉണ്ടായി.

മുണ്ടക്കയത്തു പൊലീസ് സ്റ്റേഷൻ പരിസരത്തും പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് സമീപവും ഒട്ടേറെ മരങ്ങൾ അപകട ഭീഷണിയായി നിൽക്കുന്നുണ്ട്.

error: Content is protected !!