കരിനിലം–കുഴിമാവ് റോഡ് തകർന്നു ; പ്രതിഷേധം ശക്തം ; മനുഷ്യച്ചങ്ങല തീർക്കും

മുണ്ടക്കയം : കരിനിലം – കുഴിമാവ് റോഡ് നിർമാണം വൈകുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മനുഷ്യച്ചങ്ങലയോടെ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. കോരുത്തോട് പഞ്ചായത്ത് പ്രദേശത്തെ ജനകീയ യോഗം നടത്തുവാൻ തീരുമാനിച്ചു.

നാളുകളായി തകർന്ന് കിടക്കുന്ന കരിനിലം – കുഴിമാവ് റോഡ് നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാതെ വന്നതോടെയാണു നാട്ടുകാർ ചേർന്നു കരിനിലം പശ്ചിമ കൊട്ടാരംകട കുഴിമാവ് റോഡ് സംരക്ഷണ സമിതി എന്ന പേരിൽ ജനകീയ സമിതി രൂപീകരിച്ചത്. ആദ്യ യോഗത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായതോടെ വിഷയം നാട് പൂർണമായും ഏറ്റെടുത്തു.

കരിനിലത്ത് നിന്നും ആരംഭിച്ചു കുഴിമാവ് വരെയുള്ള റോഡ് ഏറെ പ്രയോജനം ചെയ്യുന്നത് കോരുത്തോട് പഞ്ചായത്തിലെ പശ്ചിമ, കൊട്ടാരംകട പ്രദേശത്തെ ജനങ്ങൾക്കാണ്. ഇതുവഴി വന്നിരുന്ന സ്കൂൾ ബസ് പോലും നിർത്തലാക്കിയതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ദുരിതത്തിലായി. കോരുത്തോട്, പുഞ്ചവയൽ റൂട്ടുകളിലൂടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് ഇവരുടെ യാത്ര. വൈകിട്ട് ആറിന് നടക്കുന്ന യോഗത്തിൽ ജനപ്രതിനിധികളും പങ്കെടുക്കും.

മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന 11 കിലോമീറ്റർ റോഡിൽ വനപാതയും ഉൾപ്പെടുന്നുണ്ട്. ചരിത്ര പ്രസിദ്ധമായ പശ്ചിമ ദേവി ക്ഷേത്രത്തിലേക്കു പോകുന്നതും ഇതുവഴിയാണ്. റോഡിൽ കുഴിയില്ലാത്ത സ്ഥലം ഇല്ല എന്നു തന്നെ പറയാം. മഴ പെയ്തു കുഴികളിൽ വെള്ളം നിറയുന്നതോടെ യാത്ര കൂടുതൽ ദുരിതമാകും. തകർന്ന റോഡിൽ കരിനിലം മുതൽ കുഴിമാവ് വരെയുള്ള ഭാഗത്തു മനുഷ്യച്ചങ്ങല തീർക്കാനാണു സംരക്ഷണ സമിതിയുടെ തീരുമാനം. എല്ലാ പ്രദേശത്തെയും ജനങ്ങൾ പ്രതിഷേധത്തിനായി ഇറങ്ങുന്നതോടെ വനപാതയിൽ ഒഴികെ ബാക്കി എല്ലാ സ്ഥലത്തും മനുഷ്യച്ചങ്ങല തീർക്കും.

റോഡ് സംരക്ഷണ സമിതിയുടെ മുൻപോട്ടുള്ള തീരുമാനങ്ങൾ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. റോഡ് നിർമാണം നടക്കും വരെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഒപ്പം ഉണ്ടാകുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജു അറിയിച്ചു.

നടപടി സ്വീകരിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം ∙ കരിനിലം പശ്ചിമ കുഴിമാവ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുൻപ് ഇൗ റോഡ് ടാർ ചെയ്യുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. കരാർ ഉറപ്പിച്ച് തെള്ളകം സ്വദേശി കോതപ്ലാക്കൽ കെ.വി.തോമസ് എന്നയാൾ കുറച്ചു നിർമാണം നടത്തുകയും പാർട്ട് ബിൽ മാറുകയും ചെയ്തു. പിന്നീട് റോഡ് നിർമാണം നടത്താതെ വന്നതോടെ ഇയാളെ കരാറിൽ നിന്ന് ഒഴിവാക്കി. തുടർന്ന് പല തവണ ടെൻഡർ നടത്തിയെങ്കിലും ആരും കരാർ ഏറ്റെടുത്തില്ല. ഒരു കോടി രൂപയിൽ അവശേഷിച്ച 68 ലക്ഷം രൂപ ഉപയോഗിച്ചു റോഡ് നിർമാണം നടത്താൻ സാധിക്കില്ല എന്നായിരുന്നു കരാറുകാർ അറിയിച്ചത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിൽ അറിയിച്ചു. ഇത് പ്രകാരം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തിൽ പരം രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. പരമാവധി വേഗത്തിൽ തുക അനുവദിപ്പിച്ചു ഭരണാനുമതി നേടി എടുക്കാൻ ശ്രമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

error: Content is protected !!