അരയാഞ്ഞിലിമണ്ണിലും, കുരുമ്പൻമൂഴിയിലും നടപ്പാലങ്ങളുടെ നിർമാണം വേഗം പൂർത്തിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
എരുമേലി ∙ പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ അനുമതി ലഭിച്ച നടപ്പാലങ്ങളുടെ നിർമാണം വേഗം പൂർത്തിയാക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് മന്ത്രി ഒ.ആർ.കേളു ഉറപ്പു നൽകിയതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടികവർഗ ക്ഷേമ വകുപ്പ് അനുവദിച്ച 6.70 കോടി രൂപ ചെലവഴിച്ചാണു പാലങ്ങൾ നിർമിക്കുന്നത്. കുരുമ്പൻമൂഴി നടപ്പാലത്തിന്റെ നിർമാണം കരാറായിട്ടുണ്ട്. എന്നാൽ അരയാഞ്ഞിലിമണ്ണ് നടപ്പാലത്തിന്റെ നിർമാണം പൊതുമരാമത്തുവകുപ്പ് നടത്തണമെന്നാണ് പട്ടികവർഗ ക്ഷേമ വകുപ്പ് അനുമതി ഉത്തരവിൽ നിഷ്കർഷിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തുവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള നിലവിലെ രൂപരേഖയിലുള്ള പാലത്തിന്റെ നിർമാണം തങ്ങൾക്ക് സാധിക്കില്ലെന്ന് ചീഫ് എൻജിനീയർ രേഖാമൂലം സർക്കാരിനെ അറിയിച്ചു.
തുടർന്ന് പ്രശ്നത്തിനു പരിഹാരം കാണുന്നതിനു പകരം പട്ടികവർഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് തുടരുകയും അനാവശ്യ തടസ്സവാദങ്ങൾ ഉയർത്തുകയുമാണെന്നു എംഎൽഎ ആരോപിച്ചു. ഇതുമൂലം കരാർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. അടുത്ത സംസ്ഥാന വർക്കിങ് ഗ്രൂപ്പിൽ ഈ പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അരയാഞ്ഞിലിമണ്ണ് പാലത്തിന് 2.67 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങൾക്ക് കൂടി കടന്നു പോകാനാകുന്ന ഇരുമ്പ് പാലമാണ് ഇവിടെ നിർമിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.
അരയാഞ്ഞിലിമണ്ണ് കോസ്‌വേയിലെ ജലനിരപ്പ് താണതിനെത്തുടർന്ന് വാഹനങ്ങൾ ഓടിത്തുടങ്ങി. ചൊവ്വാഴ്ച രാത്രി ആറ്റിലെ വെള്ളം പൊങ്ങിയതിനെത്തുടർന്ന് കോസ്‌വേ മുങ്ങുകയും അരയാഞ്ഞിലിമണ്ണിലെ 400 കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ കോസ്‌വേയിൽ മുട്ടിയാണു ആറൊഴുകുന്നത്.