എരുമേലി – മുക്കട പാതയിലെ അപകട മരങ്ങൾ വെട്ടണം : പരാതി നൽകി.

എരുമേലി : കഴിഞ്ഞയിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് മുകളിൽ മരങ്ങൾ വീണുണ്ടായ അപകടങ്ങൾ പോലെ എരുമേലി – മുക്കട പാതയിൽ സംഭവിക്കാൻ സാധ്യത ഉണ്ടെന്നിരിക്കെ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം. എരുമേലി – മുക്കട പാതയിൽ കനകപ്പലം മുതൽ മുക്കട വരെ വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്. പാതയുടെ ഇരുവശങ്ങളിലും വനത്തിലെ മരങ്ങളിൽ മിക്കതും റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അപകടകരമായ മരങ്ങൾ എത്രയും വേഗം വെട്ടി മാറ്റി യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ് ബിനു മറ്റക്കര ഇന്നലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് പരാതി നൽകി.

അപകട മരങ്ങൾ വെട്ടിനീക്കിയില്ലെങ്കിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി അറിയിച്ചു.

വീഴാൻ നൂറോളം മരങ്ങൾ.

റോഡിലേക്ക് ഒടിഞ്ഞു വീഴാവുന്ന ശിഖരങ്ങളുമായി പാതയ്ക്ക് ഇരുവശങ്ങളിലും നൂറോളം മരങ്ങളാണുള്ളത്

റോഡിലേക്ക് ഒടിഞ്ഞു വീഴാവുന്ന ശിഖരങ്ങളുമായി പാതയ്ക്ക് ഇരുവശങ്ങളിലും നൂറോളം മരങ്ങളാണുള്ളത്. മിക്കതും വർഷങ്ങൾ പഴക്കമുള്ളതാണ്. കരിമ്പിൻതോട് ഭാഗത്ത്‌ കഴിഞ്ഞ ആഴ്ചയിൽ രണ്ട് തവണയാണ് റോഡിൽ മരങ്ങൾ കടപുഴകി വീണത്. ഇവിടെ ഫോറസ്റ്റ് ക്യാമ്പ് ഓഫിസിന് മുന്നിലും റോഡരികിലുള്ള മരം അപകട ഭീഷണിയിലാണ്.

അപകട മരങ്ങളിൽ ചുവടെ മുറിച്ചു നീക്കുന്നതിനും ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടതിനും സങ്കീർണമായ നടപടികളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മരങ്ങൾ അപകടത്തിലാണോയെന്ന് പരിശോധന നടത്തി വിശദമായ റിപ്പോർട്ട് നൽകി പ്രാഥമിക അനുമതി തേടണം. അനുമതി ആയാൽ മരങ്ങളുടെ ഇനം, പഴക്കം, വില, എന്നിവ സംബന്ധിച്ച് മൂല്യനിർണയം നടത്തണം. ഇതിന് ശേഷം അന്തിമ അനുമതി ലഭ്യമായി ലേലമോ ടെണ്ടറോ ഏതാണ് വേണ്ടതെന്ന് തീരുമാനം ആയി ലഭിക്കുമ്പോൾ മാസങ്ങൾ നീളുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

error: Content is protected !!