പാതയോരങ്ങളിൽ കേടുപിടിച്ചു നിൽക്കുന്ന മരങ്ങൾ അപകടഭീഷണി
കാഞ്ഞിരപ്പള്ളി ∙ മഴയ്ക്കൊപ്പം കാറ്റ് ശക്തം. മലയോര മേഖലയിലെ പാതയോരങ്ങളിൽ ഉണങ്ങിയും കേടുപിടിച്ചും നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞാണു നിൽക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും ഇവ നിലം പതിക്കാനുള്ള സാധ്യതയേറെയാണ്. ഇന്നലെ രാവിലെ 26–ാം മൈൽ –ഇടക്കുന്നം റോഡിൽ മുക്കാലിയിൽ മരം കടപുഴകി വീണു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും ഉണ്ടായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു.
തിങ്കളാഴ്ച രാത്രി കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൊരട്ടി അമ്പല ജംക്‌ഷനു സമീപവും ചൊവ്വാഴ്ച പകൽ ദേശീയപാത183ൽ പൊടിമറ്റത്തും മരങ്ങൾ കടപുഴകി വീണു. വാഹനത്തിരക്കുള്ള പാതകളിൽ ഈ സമയം വാഹനങ്ങൾ എത്താതിരുന്നതു വൻ അപകടങ്ങളാണു ഒഴിവായത്. ഇരുപാതകളിലും ഇനിയും ഒട്ടേറെ മരങ്ങളാണ് കാലപ്പഴക്കത്താലും കേടുപിടിച്ചും നിലംപൊത്താറായ നിലയിലുള്ളത്. പരാതികളുണ്ടെങ്കിലും ഇവ വെട്ടിമാറ്റാനുള്ള നടപടിക്രമങ്ങളാണ് യഥാസമയം വെട്ടിമാറ്റാൻ കഴിയാതെ വരുന്നത്. മരങ്ങളുടെ കാലപ്പഴക്കം കണക്കാക്കി പകരം മരങ്ങൾ മുൻകൂട്ടി വച്ചുപിടിപ്പിച്ച ശേഷം ഇവ വെട്ടിമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യം.
എല്ലാ വർഷവും മലയോരപാതകളിൽ മരങ്ങൾ വീണ് അപകടങ്ങളും ഗതാഗതതടസ്സവും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ മുൻകൂട്ടി ചെയ്യാറില്ല. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇത്തരം മരങ്ങളും ശിഖരങ്ങളും ഇത്തവണ വെട്ടിമാറ്റിയുമില്ല. ദേശീയപാത, കാഞ്ഞിരപ്പള്ളി -എരുമേലി റോഡ്, കാഞ്ഞിരപ്പള്ളി – മണിമല റോഡ് തുടങ്ങി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയോരങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി.
മരം ഒടിഞ്ഞും കടപുഴകിയും വാഹനങ്ങൾക്ക് മേൽ വീണ് അപകടങ്ങളുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വർഷം ദേശീയ പാതയിൽ പൊടിമറ്റത്ത് ഓടിക്കൊണ്ടിരുന്ന ഹൈവേ പട്രോളിങ് വാഹനത്തിനു മേൽ മരം ഒടിഞ്ഞു വീണു അപകടമുണ്ടായി.
കോളജിനു മുൻപിൽ ദേശീയ പാതയോരത്തു കേടുപിടിച്ചും ഉണങ്ങിയും നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ആവശ്യപ്പെട്ടു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു കോളജ് അധികൃതർ പറയുന്നു. ദേശീയ പാതയിൽ പാറത്തോട് ടൗണിനു സമീപത്തുള്ള വാകയുടെ അടിവേരുകൾ നശിച്ചു ഏതു സമയവും വീഴാവുന്ന സ്ഥിതിയാണ്. ഇത്തരം അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റി പകരം പുതിയവ വച്ചുപിടിപ്പിക്കണമെന്നാണ് ആവശ്യം.
മുൻപും മഴക്കാലത്ത് മരങ്ങൾ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 3 വർഷം മുൻപ് 26-ാം മൈൽ ജംക്‌ഷനു സമീപം ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കു വാക ഒടിഞ്ഞു വീണു 2 പേർക്കു പരുക്കേറ്റു. മണിമല റോഡിൽ സ്കൂൾ ബസിനു മുകളിൽ മരങ്ങൾ ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ നിന്നു കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മരം വെട്ടിമാറ്റാനുള്ള നടപടികൾ :
∙പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് (ദേശീയ പാത, പൊതുമരാമത്ത് നിരത്തു വിഭാഗം പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകണം). ലഭിക്കുന്ന പരാതികൾ അധികൃതർ സാമൂഹിക വനവൽക്കരണ വിഭാഗത്തിനു കൈമാറും.
∙ സാമൂഹിക വനവൽക്കരണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി വെട്ടിമാറ്റണമെന്നു കണ്ടെത്തിയാൽ മരത്തിന്റെ വില നിശ്ചയിച്ചു റിപ്പോർട്ട് ജില്ലാ ട്രീ കമ്മിറ്റിക്കു സമർപ്പിക്കും. പരിസ്ഥിതി പ്രവർത്തകരും, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന അധികൃതരും ഉൾപ്പെടുന്നതാണു ജില്ലാ തല ട്രീ കമ്മിറ്റി
∙ മാസത്തിലൊരിക്കൽ ചേരുന്ന കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച ശേഷം കമ്മിറ്റിയംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമെങ്കിൽ മരം വെട്ടിമാറ്റാൻ അനുമതി നൽകും.
∙അനുമതി ലഭിച്ചാൽ മരം മുറിച്ചു മാറ്റാൻ ബന്ധപ്പെട്ട റോഡ് അധികൃതർ സാമൂഹിക വനവൽക്കരണ വിഭാഗം നിശ്ചയിച്ച വില പ്രകാരം ഓൺലൈനായി ടെൻഡർ ക്ഷണിച്ചു ലേലം ചെയ്തു നൽകണം.