ശാപമോക്ഷം കാത്ത് നാലു കോസ്‌വേകൾ ; പ്രളയത്തിൽ മുങ്ങിപ്പോകുന്ന ഇവയ്ക്കു പകരം പാലങ്ങൾ നിർമിക്കണമെന്ന ആവശ്യം ശക്തം

എരുമേലി ∙ ശക്തമായ മഴ പെയ്താൽ വെള്ളം കയറുന്ന ഗതികേടിലാണ് മലയോര മേഖലയിലെ കോസ്‌വേകൾ. മണിമല, പമ്പ, അഴുത ആറുകൾക്കു കുറുകെ നാല് കോസ്‌വേകളാണ് ശാപമോക്ഷം കാത്ത് കഴിയുന്നത്. ഈ കോസ്‌വേകൾക്ക് പകരം പ്രളയം ബാധിക്കാത്ത പാലങ്ങൾ നിർമിക്കണം എന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. എന്നാൽ ഇപ്പോഴും ഇതിന്റെ നടപടികൾ വൈകുകയാണ്. ഇപ്പോൾ മുണ്ടക്കയം കോസ്‌വേയുടെ നവീകരണം ആരംഭിച്ചിട്ടുണ്ട്. പ്രളയം ഉണ്ടാകുമ്പോൾ ആയിരക്കണക്കിനു കുടുംബങ്ങളാണ് ഇത്തരം കോസ്‌വേകളിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോകുന്നത്. അതിനാൽ കോസ്‍വേകൾക്ക് പകരം പുതിയ പാലങ്ങൾ നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അരയാഞ്ഞിലിമണ്ണ് കോസ്‌വേ

മൂന്നുവശം വനവും ഒരു വശത്ത് പമ്പയാറും അതിരിടുന്ന അരയാഞ്ഞിലി മണ്ണിലെ നാനൂറിൽപരം കുടുംബങ്ങൾക്ക് പുറംലോകത്ത് എത്താനുള്ള ഏക മാർഗമാണ് ഈ കോസ്‌വേ. ശക്തമായ മഴ പെയ്ത് ആറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ ആദ്യം മുങ്ങുന്നതും ഈ കോസ്‌വേയാണ്. കഴിഞ്ഞ ദിവസവും കോസ്‌‌വേ മുങ്ങിയതോടെ അരയാഞ്ഞിലിമണ്ണ് മേഖല ഒറ്റപ്പെട്ടു. ഇവിടെ നാട്ടുകാർ നടപ്പാലം നിർമിക്കാനുള്ള നടപടികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. പുതിയ പാലം നിർമിക്കാനുള്ള നിർദേശവും സാങ്കേതികക്കുരുക്കിലാണ്.

മൂക്കൻപെട്ടി, എയ്ഞ്ചൽവാലി കോസ്‌വേകൾ

ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ജനങ്ങളുടെ സഹകരണത്തോടെ നിർമിച്ച കോസ്‌വേകളാണിവ. അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ ഉയരം കുറവാണ്.1991 ൽ മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സെക്രട്ടറി ഫാ. മാത്യു വടക്കേമുറ ിയുടെ നേതൃത്വത്തിലാണ് മൂക്കൻപെട്ടി, എയ്ഞ്ചൽവാലി കോസ്‌വേകളും മൂക്കൻപെട്ടി– എയ്ഞ്ചൽവാലി– പ്ലാപ്പള്ളി റോഡും നിർമിച്ചത്. ഇവിടെയും വെള്ളം പൊങ്ങിയാൽ ആദ്യം മൂക്കൻപെട്ടി കോസ്‌വേ മുങ്ങും. കഴിഞ്ഞ ദിവസവും ശക്തമായ മഴയിൽ മൂക്കൻപെട്ടി കോസ്‌വേ മുങ്ങുന്ന സ്ഥിതിയിൽ എത്തിയിരുന്നു. മൂക്കൻപെട്ടി പാലത്തിന്റെ കൈവരികൾ പ്രളയത്തിൽ ഒഴുകിപ്പോകാതിരിക്കുന്നതിനു താൽക്കാലികമായി എടുത്തുമാറ്റാവുന്ന വിധമുള്ളതാണ്. എന്നാൽ ഇവ ഏറെക്കാലമായി എടുത്തുമാറ്റിയ നിലയിലാണ്.ഇത് അപകടങ്ങൾക്ക് കാരണമാകും.

എയ്ഞ്ചൽവാലി കോസ്‌വേയുടെ ഭൂരിഭാഗം കൈവരി തൂണുകളും പ്രളയത്തിൽ തകർന്ന നിലയിലാണ്. ഇവ പൂർവ സ്ഥിതിയിലാക്കിയിട്ടില്ല, അഴുതയാറിനു കുറുകെയുള്ള മൂക്കൻപെട്ടി കോസ്‌വേയ്ക്കു പകരം പാലം നിർമിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ട് 2 വർഷം പിന്നിട്ടു. എന്നാൽ പാലങ്ങൾക്ക് ബജറ്റിൽ പണം അനുവിദിക്കാത്തതിനാൽ പാലത്തിന്റെ ഡിസൈൻ ജോലി പൂർത്തിയാക്കി കൈമാറിയില്ലെന്നാണു ബ്രിജസ് വിഭാഗം പറയുന്നത്. 20 ശതമാനമെങ്കിലും ബജറ്റിൽ പണം അനുവദിക്കുന്ന പാലങ്ങളുടെ ഡിസൈൻ ജ ോലികളാണ് ആദ്യം ലഭ്യമാക്കുക.

ഓരുങ്കൽക്കടവ് കോസ്‌വേ

മണിമല.ആറ്റിലാണ് ഓരുങ്കൽക്കടവ് കോസ്‌വേ സ്ഥിതി ചെയ്യുന്നത്. മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് എരുമേലിയിലേക്കു എത്തുന്ന തീർഥാടക വാഹനങ്ങളുടെ സമാന്തര പാതയിലാണ് ഓരുങ്കൽക്കടവ് കോസ്‌വേ. എരുമേലി – കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളെ ഈ കോസ്‌വേ ബന്ധിപ്പിക്കുന്നു. തീർഥാടന കാലത്ത് ഏറെ ഗുണ ചെയ്യുന്ന സമാന്തര പാതയിലെ ഈ കോസ്‌വേക്ക് പകരം പാലം നിർമിക്കണമെന്ന് ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. എല്ലാ പ്രളയകാലത്തും ഓരുങ്കൽക്കടവ് കോ സ്‌വേ മുങ്ങി ഗതാഗതം തടസ്സപ്പെടാറുണ്ട്.

error: Content is protected !!